പ്രതീകാത്മക ചിത്രം

ന്യൂ‍ഡൽഹി : മണിപ്പുരിൽ കൂടുതൽ സൈനികരെ അയയ്ക്കാൻ കേന്ദ്ര തീരുമാനം. വിവിധ സേനകളിൽ നിന്നായി 5,000 ജവാന്മാരെ കൂടി മണിപ്പുരിലേക്ക് അയയ്ക്കും. സംസ്ഥാനത്തെ സുരക്ഷ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് അധികൃതർ പറഞ്ഞു കലാപം ഏറ്റവും കൂടുതൽ പടർന്ന ജിരിബാം ജില്ലയിൽ സിആർപിഎഫിന്റെ 15 കമ്പനി ജവാന്മാരെയും ബിഎസ്എഫിന്റെ 5 കമ്പനി സൈനികരെയും കൂടി അയയ്ക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

50 കമ്പനി ജവാന്മാരെയാണ് പുതുതായി സംസ്ഥാനത്താകെ വിന്യസിക്കുക. ഇതിൽ സിആർപിഎഫിൽനിന്ന് 35 കമ്പനിയും ബാക്കിയുള്ളവർ ബിഎസ്എഫിൽ നിന്നും എത്തും. നിലവിൽ 218 കമ്പനി സുരക്ഷാ ഉദ്യോഗസ്ഥരാണ് മണിപ്പുരിൽ ഉള്ളത് 100 മുതൽ 140 വരെ സൈനികരാണ് ഒരു കമ്പനിയിലുണ്ടാകുക. അതേസമയം മണിപ്പുരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിൽ ഉന്നതതല യോഗം ആരംഭിച്ചു.

അതിനിടെ, മണിപ്പുർ ബിജെപിയിൽനിന്ന് 8 നേതാക്കൾ രാജിവച്ചു. ജിരിബാം മണ്ഡലത്തിലെ ബിജെപിയുടെ പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഉൾപ്പെടെയുള്ള നേതാക്കളാണ് രാജിവച്ചത്. ജിരിബാമിലെയും മണിപ്പുരിലെയും സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിൽ പരാജയപ്പെട്ടു എന്നാരോപിച്ചാണ് രാജി. സംഘർഷം നിയന്ത്രിക്കാൻ ബിജെപി ഒന്നും ചെയ്തില്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസം നാഷനൽ പീപ്പിൾസ് പാർട്ടി എൻഡിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു.