സിദ്ധരാമയ്യ

മുംബൈ: കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്നും ആ പണം മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയുമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരേ പ്രതികരിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തങ്ങള്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്ന തെളിവുകള്‍ പ്രധാനമന്ത്രി നല്‍കണമെന്നാവശ്യപ്പെട്ട സിദ്ധരാമയ്യ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് തെളിയുന്ന പക്ഷം താന്‍ രാഷ്ട്രീയരംഗത്ത് നിന്ന് വിരമിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലെ സോലാപുരില്‍ ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. നവംബര്‍ 20 ന് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനെത്തിയതാണ് സിദ്ധരാമയ്യ.

പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ തീര്‍ത്തും നുണയാണെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. സ്വന്തം പ്രസ്താവന തെളിയിക്കാനുള്ള ചങ്കൂറ്റം മോദിയുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും പറഞ്ഞു. “ജനങ്ങളുടെ ക്ഷേമത്തിനായുള്ള ഉറപ്പുകള്‍ നല്‍കുന്നത് സമ്പദ്ഘടനയെ പ്രതികൂലമായിബാധിക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്, എന്നാല്‍ സമാനമായ വാഗ്ദാനങ്ങളല്ലേ മധ്യപ്രദേശിലേയും മഹാരാഷ്ട്രയിലേയും തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി. മുന്നോട്ടുവെച്ചത്. സമ്പന്നവിഭാഗക്കാരുടെ 16 ലക്ഷം കോടി രൂപയുടെ വായ്പ ബി.ജെ.പി സര്‍ക്കാര്‍ എഴുതിത്തള്ളി. അതേസമയം കര്‍ഷകരുടെ വായ്പയില്‍ ഒരുരൂപ പോലും ഒഴിവാക്കി നല്‍കിയതുമില്ല”, സിദ്ധരാമയ്യ തുടര്‍ന്നു.