സംവിധായകൻ രഞ്ജിത്ത്

കൊച്ചി : ബംഗാളി നടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ രജിസ്റ്റർചെയ്ത കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരേ പ്രത്യേകഅന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. എറണാകുളം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയിരിക്കുന്നത്

36 സാക്ഷികളുടെ പട്ടികയും എ.ഐ.ജി. ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കുറ്റപത്രത്തിനൊപ്പം നൽകിയിട്ടുണ്ട്. രഞ്ജിത്തിന്റെസിനിമയിൽ അഭിനയിക്കാനായി കേരളത്തിലെത്തിയപ്പോൾ ഫ്ലാറ്റിൽ വെച്ച് മോശം പെരുമാറ്റമുണ്ടായെന്നാണ് ബംഗാൾ സ്വദേശിയായ നടി പരാതിപ്പെട്ടത്.ഇതിൽ എറണാകുളം നോർത്ത് പോലീസ് ഈ വർഷം ഓഗസ്റ്റ് 26-ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുക, സ്ത്രീയുടെ വ്യക്തിത്വംമാനിക്കാതെ കടന്നുകയറിയുള്ള ഇടപെടൽ തുടങ്ങിയ കുറ്റങ്ങളാണ് അന്വേഷണസംഘം ചുമത്തിയിരിക്കുന്നത്. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് 82-ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്.

മലയാള ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നശേഷം രജിസ്റ്റർചെയ്ത പരാതികളിൽ ഉൾപ്പെട്ടതാണ് സംവിധായകൻ രഞ്ജിത്തിൻറെ പേരിലുള്ള കേസ്.