സ്കൂളിന് മുന്നിലെ റോഡിലൂടെ കടന്നുപോകുന്ന കാട്ടാന (സി.സി.ടി.വി. ദൃശ്യം)
പീരുമേട് : സ്‌കൂളിന് മുന്നിലുള്ള റോഡിലൂടെ കാട്ടാന കടന്നുപോയി. ബസ് കാത്തുനിന്ന വിദ്യാര്‍ഥികള്‍ ഓടി രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് പീരുമേട് മരിയഗിരി സ്‌കൂളിന് മുന്‍വശത്ത് കാട്ടാനയെത്തിയത്.
കൊട്ടാരക്കര-ദിണ്ടിഗല്‍ ദേശീയപാത മുറിച്ചുകടക്കുകയായിരുന്നു കാട്ടാന. ആന റോഡിലേക്ക് ഇറങ്ങിയപ്പോള്‍ നിരവധി വിദ്യാര്‍ഥികള്‍ റോഡില്‍ ഉണ്ടായിരുന്നു. വാഹനങ്ങളും കടന്നുപോയിരുന്നു. ആന റോഡിലേക്ക് വരുന്നത് കണ്ട വിദ്യാര്‍ഥികള്‍ സ്‌കൂള്‍ ഗേറ്റിനുള്ളിലേക്ക് ഓടി. കുട്ടികളുടെ അടുത്തുകൂടിയാണ് ആന കടന്നുപോയത്.
ബഹളംകേട്ട് സ്‌കൂള്‍ അധികാരികള്‍ റോഡിലേക്ക് എത്തിയെങ്കിലും ആന സ്‌കൂളിന് മുന്നിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തുകൂടി തട്ടാത്തിക്കാനം ഭാഗത്തെ യൂക്കാലി തോട്ടത്തിലേക്കുപോയി. ദിവസങ്ങള്‍ക്ക് മുന്‍പ് കാട്ടാന ഇതിലെ ദേശീയപാത മുറിച്ചുകടന്നുപോയിരുന്നു.
