അറസ്റ്റിലായ സഞ്ജയ് റോയി | Photo: X, ANI

കൊല്‍ക്കത്ത : മുന്‍ പോലീസ് കമ്മീഷണര്‍ വിനീത് ഗോയലിനെതിരേ ആരോപണവുമായി കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജീവ് റോയ്. കേസില്‍ തന്നെ കുടുക്കിയതാണെന്നും ഗൂഢാലോചനയ്ക്ക് പിറകില്‍ ഇയാള്‍ ആരോപിച്ചു. വിചാരണയ്ക്കായി കോടതിയില്‍ ഹാജരായപ്പോള്‍ പോലീസ് വാനില്‍ നിന്ന് ഇറങ്ങിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോടാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞത്. വിനീത് ഗോയല്‍ മാത്രമല്ല ഗൂഢാലോചനയ്ക്ക് പിന്നില്‍ മറ്റ് ഉന്നത ഉദ്യോഗസ്ഥരുണ്ടെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

സഞ്ജയ് റോയിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ് ബോസ് സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ആവശ്യപ്പെട്ടു.

2024 ഓഗസ്റ്റ് ഒമ്പതിനായിരുന്നു വനിതാ പി.ജി. ട്രെയിനി ഡോക്ടര്‍ ആര്‍.ജി. കര്‍ ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. രാത്രി ഡ്യൂട്ടിക്ക് ശേഷം സെമിനാര്‍ ഹാളില്‍ ഉറങ്ങുന്നതിനിടെയാണ് വനിതാ ഡോക്ടര്‍ ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെട്ട വനിതാ ഡോക്ടറടക്കം അഞ്ച് ഡോക്ടര്‍മാര്‍ ഒരുമിച്ചിരുന്നാണ് സെമിനാര്‍ഹാളില്‍വെച്ച് അത്താഴം കഴിച്ചത്. ശേഷം ഇവരെല്ലാം ഒളിമ്പിക്സില്‍ ജാവലിന്‍ത്രോ മത്സരം കണ്ടു. പിന്നാലെ മറ്റുള്ളവര്‍ സെമിനാര്‍ ഹാളില്‍നിന്ന് മടങ്ങിയപ്പോള്‍ പഠിക്കാനും വിശ്രമിക്കാനുമായി വനിതാ ഡോക്ടര്‍ ഹാളില്‍ തന്നെ തങ്ങി. തുടര്‍ന്ന് പഠനത്തിന് ശേഷം ഉറങ്ങുന്നതിനിടെയാണ് പ്രതി സ്ഥലത്തെത്തി ആക്രമണം നടത്തിയത്. പുലര്‍ച്ചെ മൂന്ന് മണിക്ക് വനിതാ ഡോക്ടര്‍ ഹാളില്‍ വിശ്രമിക്കുന്നത് കണ്ടെന്ന് ദൃക്സാക്ഷി മൊഴികളുണ്ടായിരുന്നു. അതിനാല്‍ ഇതിനുശേഷമാണ് കൃത്യം നടന്നതെന്ന് പോലീസ് ഉറപ്പിച്ചു.

പ്രതിയായ സഞ്ജയ് റോയ് വ്യാഴാഴ്ച രാത്രി 11 മണിക്ക് തന്നെ ആശുപത്രി പരിസരത്തുണ്ടായിരുന്നു. ആ സമയത്ത് തന്നെ മദ്യലഹരിയിലായിരുന്ന പ്രതി പിന്നീട് പുറത്തുപോയി വീണ്ടും മദ്യപിച്ചു. തുടര്‍ന്ന് പുലര്‍ച്ചെ നാലുമണിയോടെ ഇയാള്‍ ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചത്. പിന്നാലെ 40 മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ ഇയാള്‍ പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. സെമിനാര്‍ ഹാളില്‍ ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച പ്രതി, ഇതിനെ ചെറുത്തതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇയാളിലേക്ക് എത്തിയത്. പ്രതിയുടെ ബ്ലൂടൂത്ത് ഹെഡ് സെറ്റും കൊലപാതകം നടന്ന സെമിനാര്‍ ഹാളില്‍നിന്ന് ലഭിച്ചിരുന്നു. കേസില്‍ മറ്റു പ്രതികള്‍ ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തെളിവുകളെല്ലാം സഞ്ജയ് മാത്രമാണ് കുറ്റക്കാരന്‍ എന്നാണ് തെളിയിക്കുന്നതെന്ന് പറഞ്ഞ സിബിഐ കൂട്ടബലാത്സംഗത്തിന്റെ സാധ്യത തള്ളിക്കളഞ്ഞു. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 11 നിര്‍ണായക തെളിവുകളാണ് സിബിഐ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട ഡോക്ടറുടെ ശരീരത്തില്‍നിന്നും സഞ്ജയുടെ ഡിഎന്‍എ കണ്ടെത്താന്‍ കഴിഞ്ഞതാണ് കേസിലെ ഏറ്റവും കൃത്യമായ ശാസ്ത്രീയ തെളിവ്. പെണ്‍കുട്ടിയുടെ മൃതശരീരത്തില്‍നിന്ന് കണ്ടെത്തിയ ഉമിനീര്, കൃത്യം നടന്ന സ്ഥലത്തുനിന്നും ഇയാളുടെ മുടി, പ്രതിയുടെ ശരീരത്തില്‍ മുറിവുകള്‍, വസ്ത്രങ്ങളില്‍ കൊല്ലപ്പെട്ട ഡോക്ടറുടെ രക്തം തുടങ്ങിയവ കണ്ടെത്തിയത് നിര്‍ണായകമായി. ഇയാളുടെ ശരീരത്തിലെ മുറിവുകള്‍ പെണ്‍കുട്ടി ബലാത്സംഗത്തെ എതിര്‍ത്തപ്പോള്‍ സംഭവിച്ചതാവാം എന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.