Photo: X ‘BCCI’

സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയന്‍ ഗ്രൗണ്ടില്‍ തിലക് വര്‍മ യഥാര്‍ഥ സെഞ്ചൂറിയനായി. 56 പന്തില്‍ 107 റണ്‍സുമായി പുറത്താകാതെനിന്ന തിലക് വര്‍മയുടെ ഇന്നിങ്‌സിന് മറുപടി നല്‍കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞില്ല. മൂന്നാം ട്വന്റി 20 ക്രിക്കറ്റില്‍ 11 റണ്‍സിന് ജയിച്ച് നാലു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി (2-1).

സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ ആറിന് 219, ദക്ഷിണാഫ്രിക്ക ഏഴിന് 208.ആദ്യ അന്താരാഷ്ട്ര സെഞ്ചുറി കുറിച്ച തിലക് വര്‍മയുടെ ഇന്നിങ്‌സില്‍ എട്ടുഫോറും ഏഴു സിക്സുമുണ്ട്. ഓപ്പണര്‍ അഭിഷേക് ശര്‍മ (25 പന്തില്‍ 50) അര്‍ധസെഞ്ചുറി നേടി.

മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍നിരയില്‍ എല്ലാവരും ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയെങ്കിലും കൂറ്റന്‍ സ്‌കോര്‍ മറികടക്കാനുള്ള കൂട്ടുകെട്ടുണ്ടായില്ല. ഡേവിഡ് മില്ലറും ഹെന്റിച്ച് ക്ലാസനും ചേര്‍ന്ന് അഞ്ചാംവിക്കറ്റില്‍ 35 പന്തില്‍ 58 റണ്‍സെടുത്ത് വിജയപ്രതീക്ഷ നല്‍കി. ക്ലാസനെ (22 പന്തില്‍ 41) അര്‍ഷ്ദീപ് സിങ്ങ് പുറത്താക്കി. മില്ലറെ (18 പന്തില്‍ 18) ഹാര്‍ദിക്കിന്റെ പന്തില്‍ അക്ഷര്‍ പട്ടേല്‍ ബൗണ്ടറിലെ ലൈന്‍ ക്യാച്ചിലൂടെ മടക്കി. പിന്നീടെത്തിയ മാര്‍ക്കോ യാന്‍സെന്‍ (17 പന്തില്‍ 54) വെടിക്കെട്ട് ബാറ്റിങ്ങിലൂടെ മത്സരം കടുപ്പിച്ചു. അര്‍ഷ്ദീപ് എറിഞ്ഞ അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടത് 25 റണ്‍സ്. ആദ്യ പന്തില്‍ റണ്‍ഇല്ല. രണ്ടാംപന്തില്‍ യാന്‍സന്റെ സിക്‌സ്. ഇതോടെ കളി ആവേശകരമായി. മൂന്നാംപന്തില്‍ യാന്‍സന്‍ എല്‍.ബി ആയി മടങ്ങിയതോടെയാണ് ഇന്ത്യയ്ക്ക് ആശ്വാസമായത്. അര്‍ഷ്ദീപ് സിങ്ങ് മൂന്നുവിക്കറ്റും വരുണ്‍ ചക്രവര്‍ത്തി രണ്ടു വിക്കറ്റും നേടി.

തുടരെ മൂന്നാംമത്സരത്തിലും ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചപ്പോള്‍ തുടരെ രണ്ടാം മത്സരത്തിലും മലയാളി ഓപ്പണര്‍ സഞ്ജു സാംസണ്‍ പൂജ്യത്തിന് പുറത്തായി. കഴിഞ്ഞമത്സരത്തില്‍ മാര്‍ക്കോ യാന്‍സെന്‍ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാംപന്തില്‍ ക്ലീന്‍ ബൗള്‍ഡായെങ്കില്‍ ഇക്കുറി രണ്ടാംപന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. തുടരെ രണ്ടു സെഞ്ചുറികള്‍ക്കുശേഷമാണ് ഈ പുറത്താകല്‍.

എന്നാല്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയും വണ്‍ഡൗണായെത്തിയ തിലക് വര്‍മയുംചേര്‍ന്ന് കേവലം 52 പന്തില്‍ 107 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി അടിത്തറയിട്ടു. കേശവ് മഹാരാജിന്റെ പന്തില്‍ പുറത്തായ അഭിഷേകിന്റെ ഇന്നിങ്സില്‍ മൂന്നു ഫോറും അഞ്ചു സിക്സുമുണ്ട്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും(1) പെട്ടെന്ന് മടങ്ങിയതോടെ ഇന്ത്യ 10 ഓവറില്‍ മൂന്നിന് 110 എന്നനിലയിലായി. പകരമെത്തിയ ഹാര്‍ദിക് പാണ്ഡ്യ തുടക്കത്തില്‍ മൂന്നു ഫോറടിച്ച് തിലകിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും (16 പന്തില്‍ 18) അധികം നീണ്ടില്ല. കേശവ് മഹാരാജിന്റെ പന്തില്‍ എല്‍.ബി. ആയി മടങ്ങി. റിങ്കു സിങ് എട്ടും ആദ്യമത്സരത്തിനിറങ്ങിയ രമണ്‍ദീപ് സിങ് 15 റണ്‍സും നേടി.