യുവാക്കളുടെ പക്കൽ അന്വേഷണസംഘം കണ്ടെടുത്ത കരടിയുടെ വേഷം | Photo: x.com/CDInews

ലോസ് ആഞ്ജലിസ് : കരടിവേഷം കെട്ടി സ്വന്തം ആഡംബര കാറുകള്‍ നശിപ്പിച്ച നാലുപേര്‍ അറസ്റ്റില്‍. യു.എസില്‍ കാലിഫോര്‍ണിയയിലാണ് സംഭവം. കാറിന്റെ ഇന്‍ഷുറന്‍സ തുക തട്ടിയെടുക്കാനായിരുന്നു യുവാക്കളുടെ വേഷംമാറല്‍.

ആഡംബര വാഹനമായ റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറുകള്‍ക്കാണ് യുവാക്കള്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ നാശനഷ്ടം വരുത്തിയത്. കരടിയുടെ വേഷം കെട്ടി ഡോറുകള്‍ തകര്‍ക്കുകയും സീറ്റുകള്‍ വലിച്ചുകീറുകയും ചെയ്തു. ശേഷം കരടി കാര്‍ നശിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി സിസിടിവി ദൃശ്യങ്ങള്‍ സഹിതം ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചു. സംശയം തോന്നിയ കമ്പനി ഇന്‍ഷുറന്‍സ് തട്ടിപ്പ് അന്വേഷിക്കുന്ന കുറ്റാന്വേഷകരെ വിവരമറിയിക്കുകയായിരുന്നു. അവര്‍ നടത്തിയ അന്വേഷണത്തിലാണ് യുവാക്കളുടെ കള്ളി വെളിച്ചത്തായത്.