പ്രതീകാത്മക ചിത്രം

രാജാക്കാട് : ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ വാടകയ്ക്ക് താമസിക്കുന്ന ബാങ്ക് ജീവനക്കാരന്റെ വീട്ടില്‍നിന്ന് 16 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ വീട്ടുടമയുടെ കൊച്ചുമകന്‍ അറസ്റ്റില്‍. സൂര്യനെല്ലി സ്വദേശി സതീശിനെ (34) യാണ് ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തത്.

സൗത്ത് ഇന്ത്യന്‍ ബാങ്ക് ചിന്നക്കനാല്‍ ശാഖ അസിസ്റ്റന്റ് മാനേജര്‍ ജിതിന്‍ ഷാജിയുടെ വീട്ടില്‍നിന്നാണ് സ്വര്‍ണം മോഷ്ടിച്ചത്. ഒരുമാസം മുന്‍പ് ജിതിന്റെ ഭാര്യ പഠനാവശ്യത്തിനായി മുനിയറയിലെ കുടുംബവീട്ടിലേക്ക് പോയി. അതിനുശേഷം ജിതിന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ ബാങ്കിലേക്ക് പോകുന്ന ജിതിന്‍ വൈകീട്ടാണ് മടങ്ങിയെത്തുക. പകല്‍ വീട്ടുടമയുടെ മകളുടെ മകനായ സതീശ് മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുകള്‍നിലയില്‍ ജിതിന്‍ താമസിക്കുന്ന വീട് തുറന്ന് അകത്തുകയറി. അലമാരയില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ചു. കഴിഞ്ഞ ഞായറാഴ്ച ജിതിന്റെ ഭാര്യ മടങ്ങിയെത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.

പരാതിയെത്തുടര്‍ന്ന് ശാന്തന്‍പാറ പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ സതീശ് തിരുനെല്‍വേലിയിലെ ഭാര്യവീട്ടിലേക്ക് പോയി. തുടര്‍ന്ന് പോലീസ്സംഘം തിരുനെല്‍വേലിയിലെത്തി പ്രതിയെ പിടികൂടി.