ഇ.പി ജയരാജൻ
കണ്ണൂര്‍ : പോളിങ് ദിനത്തിൽ ഇടതുമുന്നണിയെ വെട്ടിലാക്കി മുൻ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദം. പാർട്ടി തന്നെ കേൾക്കാൻ തയ്യാറായില്ലെന്നും രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും ആത്മകഥയിൽ പറയുന്നതായാണ് റിപ്പോർട്ട്. കട്ടന്‍ചായയും പരിപ്പുവടയും; ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന പുസ്തകത്തിലാണ് വിമര്‍ശനം.
പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർഥി സരിനെതിരെയും വിമര്‍ശനമുള്ളതായാണ് റിപ്പോര്‍ട്ട്. ‘സ്വതന്ത്രർ വയ്യാവേലികളാണ്. അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിഥ്വം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കും. നിലമ്പൂർ എം.എൽ.എ പി.വി അന്‍വറിന്റെ വിഷയം ചൂണ്ടിക്കാട്ടിയിട്ടുള്ളതായി പുറത്തുവന്ന പേജുകളിലുണ്ട്.
കണ്ണൂരിൽ 100 കണക്കിന് ആളുകളെ കൊന്ന് തള്ളിയിട്ടും കലിയടങ്ങാത്ത ക്രിമിനൽ സംഘത്തിന്റെ നേതാവാണ് കെ. സുധാകരൻ എന്നാണ് കെ.പി.സി.സി അധ്യക്ഷനെക്കുറിച്ച് പുസ്തകത്തിൽ പറയുന്നത് എന്നാണ് ആരോപണം. രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും വിമർശനമുണ്ട്. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയപ്പോൾ പാർട്ടി തന്നെ കേട്ടില്ല. ഇക്കാര്യം പിന്നീടാണ് അറിഞ്ഞതെന്നും ഇ.പി പറയുന്നു.
എന്നാൽ, ആത്മകഥയിലെ വിവരങ്ങളായി പുറത്തുവന്ന കാര്യങ്ങള്‍ തള്ളി ഇ.പി. ജയരാജൻ രംഗത്തെത്തി. പുസ്തകം എഴുതിക്കൊണ്ടിരിക്കുകയാണ്. എഴുത്ത് പൂര്‍ത്തീകരിച്ചിട്ടില്ല. പുസ്തകം എന്ന് പ്രസിദ്ധീകരിക്കുമെന്ന് താന്‍ തീരുമാനിച്ചിട്ടില്ല. ഈ വിവരങ്ങള്‍ എങ്ങിനെ പുറത്തുവന്നു എന്നും ഇ.പി ചോദിക്കുന്നു.
