അപകടത്തിൽപ്പെട്ട ലോറി

കുട്ടിക്കാനം ∙ വളഞ്ഞാങ്ങാനം വെള്ളച്ചാട്ടത്തിനു സമീപം മുകളിലത്തെ റോഡിൽ നിന്നും താഴത്തെ റോഡിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരുക്ക്. തമിഴ്നാട്ടിൽനിന്നും കോട്ടയത്തേക്ക് ചണച്ചാക്കുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

മുകളിലെ റോഡിൽനിന്ന് 4 തവണ കരണം മറിഞ്ഞ് ഏകദേശം 300 അടി താഴ്ചയിലുള്ള താഴത്തെ റോഡിലാണ് വാഹനം പതിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. ഡ്രൈവർ ഇടുക്കി രാജാക്കാട് സ്വദേശി ബെയ്സിലിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാത 183 ൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.