അർജുൻ തെൻഡുൽ‌ക്കർ

പനജി ∙ അരുണാചൽ പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കി ഗോവയുടെ യുവ പേസർ അർജുൻ തെൻഡുൽ‌ക്കർ. ഒന്‍പത് ഓവറുകൾ പന്തെറിഞ്ഞ അര്‍ജുൻ 25 റൺസ് വഴങ്ങിയാണ് അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയത്. താരത്തിന്റെ മൂന്ന് ഓവറുകളിൽ റൺസൊന്നും നേടാൻ അരുണാചല്‍ ബാറ്റർമാർക്കു സാധിച്ചില്ല. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത അരുണാചല്‍ 30.3 ഓവറിൽ 84 റൺസെടുത്തു പുറത്തായി.

25 പന്തിൽ 25 റൺസെടുത്തു പുറത്താകാതെനിന്ന ക്യാപ്റ്റൻ നബാം അബോയാണ് അരുണാചല്‍ പ്രദേശിന്റെ ടോപ് സ്കോറര്‍. ടോസ് നേടി ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ അരുണാചൽ മുൻനിരയെ അർജുൻ തെൻഡുൽക്കർ തകര്‍ത്തെറിയുകയായിരുന്നു. രണ്ടാം ഓവറിലെ അവസാന പന്തിൽ ഓപ്പണർ നബാം ഹചാങ്ങിനെ പൂജ്യത്തിൽ ബോൾഡാക്കി അർജുൻ വിക്കറ്റ് വേട്ട തുടങ്ങി.

12–ാം ഓവറിലെ രണ്ടും മൂന്നും പന്തുകളിൽ ഓപ്പണർ ഒബി (30 പന്തിൽ 22), ജയ് ഭവ്സര്‍ (പൂജ്യം) എന്നിവരെയും അർജുൻ വീഴ്ത്തിയതോടെ അരുണാചൽ പ്രതിരോധത്തിലായി. പിന്നീട് ചിൻമയ് ജയന്ത പാട്ടിൽ (34 പന്തില്‍ മൂന്ന്), മൊജി (23 പന്തിൽ ഒന്ന്) എന്നിവരും അർജുനു മുന്നിൽ മുട്ടുമടക്കി. ഗോവയ്ക്കായി മോഹിത് രേദ്കർ മൂന്നും കെയ്ത് പിന്റോ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

ആഭ്യന്തര ക്രിക്കറ്റിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് മുംബൈ താരമായിരുന്ന അർജുൻ തെൻഡുൽക്കര്‍ ഗോവയിലേക്കു മാറിയത്. തുടർച്ചയായി തിളങ്ങിയതോടെ ഗോവയുടെ വിശ്വസ്തനായ ബോളറായി മാറാൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകനായ അർജുന് സാധിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 16 മത്സരങ്ങൾ കളിച്ചിട്ടുള്ള അര്‍ജുൻ 32 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്ന അർജുനെ അടുത്ത സീസണിലേക്കു നിലനിർത്തിയിരുന്നില്ല.