പ്രതീകാത്മക ചിത്രം

സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശസ്ത്രക്രിയകളുടെ സഹായം തേടുന്ന പ്രവണത വ്യാപകമാണ്. 24 മണിക്കൂറുകള്‍ക്കകം ആറ് സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍ക്ക് വിധേയായതിന് പിന്നാലെ ദാരുണാന്ത്യം സംഭവിച്ച യുവതിയേക്കുറിച്ചുള്ള വാര്‍ത്ത വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

ചൈനയിലെ ഗുവാങ്ഷി പ്രവിശ്യയിലെ ഗുയിഗാങ് സ്വദേശിനിയായ ലിയു (32) എന്ന യുവതിക്കാണ് സൗന്ദര്യവര്‍ധക ശസ്ത്രക്രിയയ്ക്ക് പിന്നാലെ ജീവന്‍ നഷ്ടപ്പെട്ടത്. 2020 ഡിസംബറിലായിരുന്നു സംഭവം. ഇതിന് പിന്നാലെ ലിയുവിന്റെ കുടുംബം നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കുടുംബം ആവശ്യപ്പെട്ടതിന്റെ പാതി തുക മാത്രമാണ് കോടതി അനുവദിച്ചത്.

നാല്‍പ്പതിനായിരത്തിലധികം യുവാന്‍ (ഏകദേശം 4,66,397 രൂപ) ലോണ്‍ എടുത്താണ് ലിയു സൗന്ദര്യവര്‍ധക ശസ്ത്രക്രിയക്കായി ദക്ഷിണ ചൈനയിലെ നാനിങ്ങിലെ ക്ലിനിക്കിലേക്ക് 2020 ഡിസംബര്‍ ഒന്‍പതാം തീയതി എത്തിയത്. മൂക്കിനും കണ്‍പോളയ്ക്കുമുള്ള ശസ്ത്രക്രിയകളായിരുന്നു ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നത്. ഏകദേശം അഞ്ചുമണിക്കൂർ ഇത് നീണ്ടുനിന്നെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തുടര്‍ന്ന് പിറ്റേന്ന് രാവിലെ, തുടയില്‍നിന്ന് വലിച്ചെടുത്ത കൊഴുപ്പ് മുഖത്തും മാറിടത്തിലും കുത്തിവെക്കുന്ന ശസ്ത്രക്രിയയ്ക്കും ലിയു വിധേയയായി. ഡിസംബര്‍ 11-ന് ഡിസ്ചാര്‍ജ് ആയ ലിയു, ക്ലിനിക്കിലെ ലിഫ്റ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും ലിയുവിന്റെ നില ഗുരുതരമായി. മറ്റൊരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ന് വൈകുന്നേരത്തോടെ മരണം സംഭവിച്ചു.

പള്‍മണറി എംബോളിസമാണ് ലിയുവിന്റെ മരണത്തിന് കാരണമെന്നും ലിപോസക്ഷനെ തുടര്‍ന്നാണ് ഇത്തരമൊരു അവസ്ഥ ലിയുവിന് ഉണ്ടായതെന്നും പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് 1.19 ദശലക്ഷം യുവാന്‍ (ഏകദേശം 1,37,66,127 രൂപ) നഷ്ടപരിഹാരം തേടി ലിയുവിന്റെ കുടുംബം കോടതിയെ സമീപിച്ചു. കുടുംബം ആവശ്യപ്പെട്ട തുകതന്നെ ആശുപത്രി നഷ്ടപരിഹാരമായി നല്‍കണമെന്നായിരുന്നു കോടതിവിധി. എന്നാല്‍, ആശുപത്രി അപ്പീല്‍ നല്‍കി. തുടര്‍ന്ന് 590,000 യുവാന്‍ ( 68,82,656 രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ വിധിക്കുകയായിരുന്നു.