കോതമംഗലം മാര്‍ ബേസില്‍ എച്ച്.എസ് സ്‌കൂളിലെ വിദ്യാര്തഥികൾ പ്രധിഷേധിക്കുന്നു
കൊച്ചി : സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മികച്ച സ്‌കൂളുകളെ തിരഞ്ഞെടുത്തതിനെച്ചൊല്ലിയുണ്ടായ പ്രശ്‌നങ്ങളില്‍ കോതമംഗലം മാര്‍ ബേസില്‍ എച്ച്.എസ്.എസ് ഹൈക്കോടതിയിലേക്ക്. മികച്ച സ്‌കൂളുകളെ തിരഞ്ഞെടുക്കുന്നതില്‍ അപാകതയുണ്ട് എന്നാരോപിച്ചാണ് മാര്‍ ബേസില്‍, ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നതെന്ന് സ്‌കൂള്‍ മാനേജ്‌മെന്റും കായിക വിഭാഗവും അറിയിച്ചു. കായികമേളയിലെ മികച്ച രണ്ടാമത്തെ സ്‌കൂളായി സര്‍ക്കാര്‍സഹായമുള്ള സ്‌പോര്‍ട്‌സ് സ്‌കൂളായ തിരുവനന്തപുരം ജി.വി. രാജയെ തിരഞ്ഞെടുത്തതിനെച്ചൊല്ലിയായിരുന്നു പ്രതിഷേധം. ഈ വിഷയത്തില്‍ തിങ്കളാഴ്ച തന്നെ വേദിയില്‍ പ്രതിഷേധമുണ്ടായിരുന്നു.
മന്ത്രിമാരായ വി. ശിവന്‍കുട്ടിയും അബ്ദുറഹിമാനും വേദിയിലിരിക്കെയാണ് സംഭവം. ജനറല്‍ സ്‌കൂളുകളില്‍ ഐഡിയല്‍ ഇ.എച്ച്.എസ്.എസ്. കടകശ്ശേരി (80 പോയിന്റ്) ഒന്നാമതും തിരുനാവായ നാവാമുകുന്ദ എച്ച്.എസ്.എസ്. (44) രണ്ടാമതും കോതമംഗലം മാര്‍ ബേസില്‍ എച്ച്.എസ്.എസ്. മൂന്നാമതു (43) മായിരുന്നു.
സ്പോര്‍ട്സ് ഹോസ്റ്റല്‍ വിഭാഗത്തില്‍ തിരുവനന്തപുരം ജി.വി. രാജാ സ്പോര്‍ട്സ് സ്‌കൂള്‍ (55) ഒന്നാമതായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ സ്പോര്‍ട്സ് സ്‌കൂളുകളെയും ജനറല്‍ വിഭാഗത്തിലെ സ്‌കൂളുകളെയും പ്രത്യേകമായാണ് പരിഗണിച്ചിരുന്നത്. വെബ്സൈറ്റില്‍ ഇതനുസരിച്ചാണ് പോയിന്റുനില കാണിച്ചിരുന്നത്. പക്ഷേ ഇത്തവണ സ്പോര്‍ട്സ് സ്‌കൂളുകളെയും ജനറല്‍ വിഭാഗത്തിലെ സ്‌കൂളുകളെയും ഒന്നിച്ച് പരിഗണിച്ച് അവയില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടിയ സ്‌കൂളുകളെയാണ് മികച്ച സ്‌കൂളുകളായി പ്രഖ്യാപിച്ചത്. ഈ മാറ്റമാണ് പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയത്.
മികച്ച സ്‌കൂളിനെ തിരഞ്ഞെടുക്കുന്നതില്‍ മാനദണ്ഡങ്ങള്‍ നേരത്തേ വ്യക്തമാക്കിയിരുന്നില്ല എന്നും ആക്ഷേപമുണ്ട്. എന്നാല്‍ സ്‌കൂള്‍ കായികമേള സ്‌കൂള്‍ ഒളിമ്പിക്‌സ് എന്ന പേരില്‍ നടത്താന്‍ തീരുമാനിച്ചതോടെ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തിയിരുന്നു എന്ന വിശദീകരണമാണ് സംഘാടകര്‍ നല്‍കുന്നത്.
മൂന്നാം സ്ഥാനക്കാരുടെ ട്രോഫി വാങ്ങാന്‍ തയ്യാറായി നിന്ന കോതമംഗലത്തെ ഞെട്ടിച്ച് മൂന്നാം സ്ഥാനക്കാരായി നാവാമുകുന്ദ സ്‌കൂളിനെ വിളിച്ചതോടെ കാര്യങ്ങള്‍ പാളി. പിന്നാലെ രണ്ടാം സ്ഥാനക്കാരായി ജി.വി. രാജാ സ്പോര്‍ട് സ്‌കൂളിനെ പ്രഖ്യാപിച്ചു. ഇതോടെ മാര്‍ ബേസില്‍, നാവാമുകുന്ദ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.
ടീം മാനേജര്‍മാര്‍ മന്ത്രിയോട് പരാതിപ്പെട്ടപ്പോള്‍ പരിഹരിക്കാമെന്നായിരുന്നു മറുപടി. സ്‌കൂള്‍ കായികമേള മാന്വല്‍ പരിഷ്‌കരണത്തിന്റെ ഭാഗമാണിതെന്നാണ് വിശദീകരണം. എന്നാല്‍, സ്‌കൂളുകള്‍ക്കോ ജില്ലാ ഓഫീസര്‍മാര്‍ക്കോ ഇതു സംബന്ധിച്ച് നിര്‍ദേശമോ ഉത്തരവുകളോ നല്‍കിയിട്ടില്ല. പോലീസ് മോശമായി പെരുമാറിയെന്നും വിദ്യാര്‍ഥികളെ മര്‍ദിച്ചെന്നും ആരോപണമുണ്ട്. കായികമേള ഏകോപിപ്പിച്ച് നടത്തുമ്പോള്‍ വിവിധ വിഭാഗങ്ങളെ പ്രത്യേകമായി കാണാനാവില്ലെന്ന് പിന്നീട് മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.
അതേസമയം പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലീസ് കയ്യേറ്റം ചെയ്തതായി താരങ്ങള്‍ ആരോപിച്ചു. ഗ്രൗണ്ടില്‍ തുടങ്ങിയ പ്രതിഷേധത്തിന് പിന്നാലെ സ്റ്റേജിലേക്ക് കടക്കാന്‍ ശ്രമിച്ച കുട്ടികളെ പോലീസ് തടഞ്ഞതിന് പിന്നാലെയായിരുന്നു സംഘര്‍ഷം. കുട്ടികളിലൊരാളെ പോലീസ് കഴുത്തിന് പിടിച്ചെന്നും ആരോപണമുണ്ട്.
വിദ്യാര്‍ഥികളും മാതാപിതാക്കളും അധ്യാപകരുമടക്കം പ്രതിഷേധിച്ചു. ‘മാധ്യമങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ കാണിച്ചു തന്നേനേ’, എന്ന് വിദ്യാര്‍ഥികളെ പോലീസ് ഭീഷണിപ്പെടുത്തിയതായും പോലീസ് മര്‍ദിച്ചതായും ആരോപണം ഉയര്‍ന്നു.
