റെയില്‍വേ ട്രാക്കിൽ ഥാര്‍ കയറ്റിയപ്പോൾ

ജയ്പുര്‍ : റെയില്‍വേ ട്രാക്കിലൂടെ മദ്യപിച്ച് വാഹനമോടിച്ചയാളെ പോലീസ് പിടികൂടി. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. മദ്യപിച്ചിരുന്ന ഇയാള്‍ റീല്‍സ് വീഡിയോ ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് തന്റെ മഹീന്ദ്ര ഥാര്‍ റെയില്‍വേ ട്രാക്കിലേക്ക് കയറ്റിയത്. വാഹനം ട്രാക്കിലേക്ക് കയറ്റിയതിന് പിന്നാലെ ദൂരെ നിന്ന് ഗുഡ്‌സ് ട്രെയിന്‍ വരുന്നത് കണ്ടു. പിന്നാലെ വാഹനം ട്രാക്കില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ലോക്കോപൈലറ്റ് കൃത്യസമയത്ത് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി. പോലീസും നാട്ടുകാരും ചേര്‍ന്ന് വാഹനം ട്രാക്കിന് പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വാഹനം അതിവേഗം പിന്നോട്ടെടുത്ത് പുറത്തെത്തിച്ച വാഹനമുടമ കടന്ന് കളയുന്നതും ദൃശ്യത്തിലുണ്ട്. ഇതിനിടെ മൂന്ന് പേര്‍ക്ക് വാഹനിമിടിച്ച് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നീട്, പോലീസ് വാഹനം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.