ടെലിഗ്രാം സി.ഇ.ഒ. പാവേല്‍ ദുറോവ്
തന്റെ ബീജം ഉപയോഗിക്കാന്‍ തയ്യാറാകുന്ന സ്ത്രീകള്‍ക്ക് സൗജന്യ ഐ.വി.എഫ് ചികിത്സ വാഗ്ദാനംചെയ്ത് ടെലിഗ്രാം സി.ഇ.ഒ. പാവേല്‍ ദുറോവ്. അള്‍ട്രാവിറ്റ ഫെര്‍ട്ടിലിറ്റി ക്ലിനിക്കുമായി ചേര്‍ന്നാണ് പാവേല്‍ ദുറോവ് സൗജന്യ ഐ.വി.എഫ്. ചികിത്സ വാഗ്ദാനംചെയ്തിരിക്കുന്നത്. വന്ധ്യത കാരണം പ്രയാസം അനുഭവിക്കുന്ന ദമ്പതിമാരെയും സ്ത്രീകളെയും സഹായിക്കാനാണ് ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
അള്‍ട്രാവിറ്റ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന്റെ വെബ്‌സൈറ്റില്‍ ഇതുസംബന്ധിച്ച പരസ്യവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറ്റവും പ്രശസ്തനായ സംരംഭകനായ പാവേല്‍ ദുറോവിന്റെ ബീജം ഉപയോഗിച്ച് തങ്ങളുടെ ക്ലിനിക്കില്‍ സൗജന്യമായ ഐ.വി.എഫ്. ചികിത്സ നടത്താമെന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്. ചികിത്സയ്ക്കിടെ ഏറ്റവും മികച്ച പരിചരണവും വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനവും ക്ലിനിക്ക് ഉറപ്പുനല്‍കുന്നുണ്ട്.
പാവേല്‍ ദുറോവിന്റെ ബീജം ഉപയോഗിച്ച് ഐ.വി.എഫ്. ചികിത്സ നടത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ക്ലിനിക്കുമായി ബന്ധപ്പെട്ട് ആദ്യത്തെ കണ്‍സള്‍ട്ടേഷന്‍ ബുക്ക് ചെയ്യണമെന്നാണ് നിര്‍ദേശം. 37 വയസ്സില്‍ താഴെ പ്രായമുള്ള ആരോഗ്യക്ഷമതയുള്ള സ്ത്രീകള്‍ക്കാണ് ഇതിന് അവസരമുള്ളത്. തുടര്‍ന്ന് ഡോക്ടറുമായുള്ള കൂടിക്കാഴ്ചയില്‍ ഐ.വി.എഫ്. ചികിത്സയെക്കുറിച്ച് വിശദീകരിക്കും. ആവശ്യമായ ടെസ്റ്റുകളും നടത്തുമെന്നും ഇതിനുശേഷമായിരിക്കും ചികിത്സയ്ക്ക് യോഗ്യയാണോ എന്നതില്‍ തീരുമാനമെടുക്കുകയെന്നും ക്ലിനിക്ക് അധികൃതര്‍ വിശദമാക്കി.
തനിക്ക് നൂറിലേറെ കുട്ടികളുണ്ടെന്ന് ടെലിഗ്രാം സി.ഇ.ഒ.യായ പാവേല്‍ ദുറോവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇത്രയും വര്‍ഷത്തിനിടെ ബീജം ദാനംചെയ്തതിലൂടെയാണ് വിവാഹംകഴിക്കാത്ത, ഒറ്റയ്ക്ക് ജീവിക്കുന്ന തനിക്ക് ഇത്രയും കുട്ടികളുണ്ടായതെന്നായിരുന്നു പാവേലിന്റെ വെളിപ്പെടുത്തല്‍. 15 വര്‍ഷം മുന്‍പ് ഒരുസുഹൃത്താണ് ബീജം ദാനംചെയ്യാനായി ആദ്യം സമീപിച്ചതെന്നും അതിനുശേഷം പലര്‍ക്കും ബീജം ദാനംചെയ്‌തെന്നും അദ്ദേഹം പറഞ്ഞിരുന്നു.
