എയർ വിസ്താര | PTI
ആഭ്യന്തര വിമാന സര്‍വീസ് വിപണിയില്‍ എന്നും പ്രധാന എതിരാളികളായിരുന്നു വിസ്താരയും ഇന്‍ഡിഗോയും. ടാറ്റാ ഗ്രൂപ്പും സിംഗപ്പുര്‍ എയര്‍ലൈന്‍സും സഹകരിച്ചുള്ള വിസ്താര 2015 മുതലാണ് ഫുള്‍സര്‍വീസായി എത്തിയത്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തിങ്കളാഴ്ച അവസാന സര്‍വീസും നടത്തി വിസ്താര തങ്ങളുടെ സേവനം അവസാനിപ്പിച്ചിരിക്കുകയാണ്. ഇനി എയര്‍ ഇന്ത്യയാവും വിസ്താരയുടെ പുതിയ ഉടമസ്ഥർ.
വിസ്താരയുടെ അവസാന സര്‍വീസ് വീഡിയോ പങ്കുവെച്ച് എന്നും അവരുടെ എതിരാളിയായിരുന്ന ഇന്‍ഡിഗോ തങ്ങളുടെ ഔദ്യോഗിക എക്‌സ് പേജില്‍ കുറിച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘ഒരിക്കലും മറക്കാനാവാത്ത പൈതൃകം അതിന്റെ അവസാന യാത്ര കുറിച്ചിരിക്കുന്നു. ചക്രവാളത്തില്‍ പുതിയ യാത്ര കാത്തിരിക്കുന്നു, ഗുഡ്‌ബൈ വിസ്താര’, ഇങ്ങനെയായിരുന്നു ഇന്‍ഡിഗോയുടെ എക്‌സ് പോസ്റ്റ്.
വിസ്താരയില്‍ സിംഗപ്പുര്‍ എയര്‍ലൈന്‍സിന് 49 ശതമാനവും ടാറ്റ ഗ്രൂപ്പിന് 51 ശതമാനവുമായിരുന്നു പങ്കാളിത്തം. എയര്‍ഇന്ത്യയുമായി ലയിച്ചശേഷം സിംഗപ്പുര്‍ എയര്‍ലൈന്‍സ് പങ്കാളിത്തം 25.1 ശതമാനം മാത്രമായി. വിസ്താര-എയര്‍ ഇന്ത്യാ ലയനം 2022-ല്‍ പ്രഖ്യാപിച്ചതായിരുന്നു. 17 വര്‍ഷത്തിനിടെ രാജ്യത്ത് പ്രവര്‍ത്തനം നിര്‍ത്തിയതോ ലയിപ്പിക്കുന്നതോ ആയ അഞ്ചാമത്തെ ഫുള്‍സര്‍വീസ് വിമാനക്കമ്പനിയാണ് വിസ്താര. പ്രീമിയം ഇക്കണോമി ക്ലാസ് അവതരിപ്പിച്ച വിസ്താരയെ യാത്രക്കാര്‍ ഏറെ സ്‌നേഹിച്ചിരുന്നു.
