കണ്ടെത്തിയ വെടിയുണ്ടകൾ
വിളവൂർക്കൽ (തിരുവനന്തപുരം) : വീട്ടിലും റോഡിലും നിന്ന് വെടിയുണ്ട കണ്ടെത്തിയ സംഭവത്തിൽ മലയിൻകീഴ് പോലീസ് കേസെടുത്തു. മൂക്കുന്നിമലയിലെ ഫയറിങ് സ്റ്റേഷനിൽ പരിശീലനത്തിനിടയിൽ ഉന്നംതെറ്റി തെറിച്ച് പുറത്തേക്കുവീണ വെടിയുണ്ടകളാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവിടത്തെ ഫയറിങ് പരിശീലനം താത്കാലികമായി നിർത്തിവെച്ചു.
ഫയർ സ്റ്റേഷനിൽ ഉപയോഗിക്കുന്ന എസ്.എൽ.ആർ., ഇന്ത്യൻ എ.കെ.-47 ഇവയിൽ ഏതു തോക്കിൽ നിന്നുള്ളതാണ് വെടിയുണ്ടയെന്ന് സ്ഥരീകരിക്കാനായിട്ടില്ല. ശാസ്ത്രീയ പരിശോധനയ്ക്കു ശേഷമേ ഇത് സ്ഥിരീകരിക്കാനാവൂവെന്ന് കാട്ടാക്കട ഡിവൈ.എസ്.പി. ഷിബു പറഞ്ഞു. വിളവൂർക്കൽ പൊറ്റയിൽ കാവടിവിളയിൽ ആനന്ദും കുടുംബവും താമസിക്കുന്ന വാടകവീടിനുള്ളിലാണ് കഴിഞ്ഞ ദിവസം ആളില്ലാത്ത സമയം വെടിയുണ്ട പതിച്ചത്. ഷീറ്റിട്ട വീടിന്റെ മേൽക്കൂര തുളച്ചാണ് വെടിയുണ്ട വീട്ടിലെ സോഫയിൽ വീണത്.
ഫയറിങ് സ്റ്റേഷനില്‍ നിന്നും ലക്ഷ്യം തെറ്റിയെത്തിയ വെടിയുണ്ടകള്‍ മുമ്പും പല തവണ ജനവാസമേഖലയില്‍ പതിച്ചിട്ടുണ്ട്. പ്രദേശത്ത് പോലീസിന്റെയും കരസേനയുടെയും വ്യോമസേനയുടെയും പരിശോധന പലതവണയുണ്ടായിട്ടുണ്ടെങ്കിലും നടപടികള്‍ സ്വീകരിച്ചില്ലെന്ന് പരാതിയുണ്ട്. മൂക്കുന്നിമലയിലെ കരസേനയുടെ പരിശീലനകേന്ദ്രത്തില്‍ നിന്ന് പൊറ്റ കാവടിവിളയിലേക്കുള്ള ആകാശദൂരം ഏകദേശം രണ്ടുകിലോമീറ്ററില്‍ താഴെ മാത്രമാണ്. പരിശീലനം നടക്കുന്ന കാര്യം ജനങ്ങളെ അറിയിക്കാറുമില്ല. അപകടത്തിനുശേഷം നഷ്ടപരിഹാരം ലഭിച്ചില്ലെന്നും പരാതിയുണ്ട്. വെടിയുണ്ടകളം പേടിച്ച് പുറത്തിറങ്ങാനോ ഉറങ്ങാനോ പോലും ഭയമാണെന്ന് നാട്ടുകാർ പറയുന്നു.
ജനല്‍ച്ചില്ലും മേല്‍ക്കൂരയും തുളച്ച് വെടിയുണ്ടകള്‍ കടന്നുവരുന്നത് വര്‍ഷങ്ങളായി മൂക്കുന്നിമലയിലെ പതിവാണ്. 2014-ല്‍ സമാനമായ സംഭവത്തില്‍ ഓമനയമ്മ എന്ന സ്ത്രീക്ക് വയറിന് പരിക്കേറ്റിരുന്നു. 2014 മുതല്‍ പലതരത്തിലുള്ള വെടിയുണ്ടകളാണ് പല വീടുകളില്‍ നിന്നായി കണ്ടെത്തിയത്. സെല്‍ഫ് ലോഡിങ് തോക്കുകള്‍ മുതല്‍ എകെ 47 വരെയുള്ളവയുടെ വെടിയുണ്ടകള്‍ പ്രദേശത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.
തിരുവനന്തപുരം പള്ളിച്ചല്‍ വിളവൂര്‍ക്കല്‍ പഞ്ചായത്തുകളിലായാണ് മൂക്കുന്നിമല സ്ഥിതി ചെയ്യുന്നത്. മൂക്കുന്നിമലയുടെ ഒരു ഭാഗത്തായാണ് മിലിട്ടറി ക്യാമ്പും റഡാര്‍ സ്റ്റേഷനും സ്ഥിതി ചെയ്യുന്നത്. മൂക്കുന്നിമലയിൽ കരസേനയുടെ ഫയറിങ് സ്റ്റേഷനിൽനിന്നു മുൻപും സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്. വ്യാഴാഴ്ച ജില്ലയിലെ റൂറൽ പോലീസിലെ ഉദ്യോഗസ്ഥർക്കിവിടെ ഫയറിങ് പരിശീലനം നൽകിയിരുന്നു. ഇതിനിടയിലാകാം വെടിയുണ്ട ജനവാസമേഖലയിൽ പതിച്ചതെന്നാണ് പോലീസ് കരുതുന്നത്.
ഫയറിങ് സ്റ്റേഷനിൽനിന്നു വെടിയുണ്ടകൾ പുറത്തേക്കുപോകുന്നതു തടയാൻ വലിയ ഭിത്തിയുണ്ട്. നാൽപ്പതടിയോളം ഉയരമുള്ള ഭിത്തി മറികടന്നാണ് ഇത്തരത്തിൽ വെടിയുണ്ട പുറത്തേക്ക് പതിക്കുന്നത്. ഇതൊഴിവാക്കാൻ ഭിത്തിയുടെ വിസ്തീർണം വർധിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
