പ്രതീകാത്മക ചിത്രം

ബെംഗളൂരു : ബാല്‍ക്കണിയില്‍ കഞ്ചാവ് വളര്‍ത്തിയ നേപ്പാള്‍ സ്വദേശികളായ ദമ്പതിമാരെ സദാശിവനഗര്‍ പോലീസ് അറസ്റ്റുചെയ്തു. എം. എസ്. ആര്‍. നഗറില്‍ താമസിക്കുന്ന സാഗര്‍ ഗുരാങ് (37), ഭാര്യ ഊര്‍മിള കുമാരി (38) എന്നിവരാണ് അറസ്റ്റിലായത്.

ദമ്പതിമാര്‍ പതിവായി റീല്‍സ് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമായിരുന്നു. ഇത്തരത്തില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിയല്‍ കഞ്ചാവ് ചെടി കാണാമായിരുന്നു. വീഡിയോ കണ്ടവരാണ് പോലീസിനെ വിവരം അറിയിച്ചത്. ഇതേത്തുടര്‍ന്ന് പോലീസ് ദമ്പതിമാരുടെ താമസസ്ഥലത്ത് റെയ്ഡ് നടത്തുകയായിരുന്നു.

പോലീസ് വരുന്നത് കണ്ട ദമ്പതിമാര്‍ കഞ്ചാവ് ചെടികള്‍ പറിച്ച് മാലിന്യപ്പെട്ടിയിലിട്ടിരുന്നു. മാലിന്യപ്പെട്ടിയില്‍ നിന്ന് 54 ഗ്രാം കഞ്ചാവ് ചെടികള്‍ പോലീസ് കണ്ടെടുത്തു.

ചോദ്യം ചെയ്യലില്‍ ഇരുവരും അടുക്കളയോട് ചേര്‍ന്ന് ബാല്‍ക്കണിയില്‍ കഞ്ചാവ് വളര്‍ത്തി ഉപഭോക്താക്കള്‍ക്ക് വില്‍ക്കാറുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി. ദമ്പതിമാര്‍ക്കെതിരേ നര്‍കോട്ടിക്‌സ് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റാന്‍സസ് നിയമ പ്രകാരം പോലീസ് കേസെടുത്തു.