ശ്രീജിത്ത് രവീന്ദ്രൻ

കൊച്ചി : നടിക്കെതിരേ സാമൂഹിക മാധ്യമത്തില്‍ അശ്ലീല കമന്റുകള്‍ പോസ്റ്റ് ചെയ്ത പാലക്കാട് അഗളി സ്വദേശി ശ്രീജിത്ത് രവീന്ദ്ര (28) നെ കൊച്ചി സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. തിരക്കഥാകൃത്താണെന്ന് അവകാശപ്പെട്ട് നടിമാരുടെ ഫോട്ടോ, പ്രൊഫൈല്‍ ചിത്രങ്ങളായി ഉപയോഗിച്ച് സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വഴി യുവാക്കളുമായി ബന്ധം സ്ഥാപിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് വീഡിയോ കോളില്‍ സംസാരിക്കാമെന്നു പറഞ്ഞ് പണം കൈപ്പറ്റും. ഒട്ടേറെപ്പേരില്‍നിന്ന് ഇത്തരത്തില്‍ പണം കൈപ്പറ്റിയതായാണ് വിവരം. പണം നഷ്ടപ്പെടുന്ന പലരും നാണക്കേട് കരുതി പരാതി നല്‍കാറില്ലെന്നു പോലീസ് പറഞ്ഞു.

നടി കൊച്ചി സിറ്റി പോലീസ് കമ്മഷണര്‍ പുട്ട വിമലാദിത്യക്കു നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്. വെള്ളിയാഴ്ച രാത്രി അഗളിയില്‍നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അഗളി സ്റ്റേഷനിലും കൊങ്ങാട് സ്റ്റേഷനിലും സാമൂഹിക മാധ്യമം വഴി വീഡിയോകള്‍ പോസ്റ്റ് ചെയ്ത് ജനങ്ങള്‍ക്കിടയില്‍ കലഹമുണ്ടാക്കിയ കേസുകളില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നയാളാണ് പ്രതി.