മണ്ണഞ്ചേരിയിൽ തൂങ്ങി മരിച്ച സുരേഷ്

ആലപ്പുഴ ∙ ആര്യാട്ട് ഭിന്നശേഷിക്കാരനായ യുവാവിനെ കെട്ടിത്തൂക്കിയ ശേഷം പിതാവ് തൂങ്ങിമരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 12-ാം വാർഡ് ആരാമം തെക്കേപ്പറമ്പിൽ സുരേഷ് (54) ആണ് മരിച്ചത്. മകൻ വിഷ്ണുവിനെ (29) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജന്മനാ ഭിന്നശേഷിക്കാരനായ വിഷ്ണു കിടപ്പിലായിരുന്നു. ശനിയാഴ്ച രാവിലെ സുരേഷിന്റെ ഭാര്യ ലത പനിക്കു ചികിത്സ തേടി ആശുപത്രിയിൽ പോയിരുന്നു. തിരിച്ചെത്തിയപ്പോൾ വിഷ്ണുവിനെ അടുക്കളയോടു ചേർന്നുള്ള മുറിയിലെ ഫാനിൽ‍ തൂങ്ങിയ നിലയിൽ കണ്ടെത്തി. കാലുകൾ നിലത്തു മുട്ടിയിരുന്നു. മുഖത്തു തട്ടിയപ്പോൾ കണ്ണു തുറന്നു. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു സുരേഷിന്റെ മൃതദേഹം.

കേരള ബെയ്‌ലേഴ്സ് കയർ ഫാക്ടറി ജീവനക്കാരനാണു സുരേഷ്. മണ്ണഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി..

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056).