സഞ്ജു സാംസൺ | Photo: AP
ഡര്‍ബന്‍ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20-യില്‍ മിന്നല്‍ സെഞ്ചുറി നേടിയ സഞ്ജു കുറിച്ചത് ഏഴോളം റെക്കോര്‍ഡുകള്‍. ടി20-യില്‍ തുടര്‍ച്ചയായി സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ഇതില്‍ ആദ്യം. ടി20-യില്‍ തുടര്‍ച്ചയായി സെഞ്ചുറി നേടുന്ന നാലാമത്തെ താരമാണ് സഞ്ജു. ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട്, ദക്ഷിണാഫ്രിക്കയുടെ റിലീ റോസോ, ഫ്രാന്‍സിന്റെ ഗുസ്‌തോവ് മക്കിയോണ്‍ എന്നിവരങ്ങളാണ് മറ്റ് താരങ്ങള്‍..
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ നാലാമനായി സഞ്ജു ഇടംപിടിച്ചു. സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, സൂര്യ കുമാര്‍ യാദവ് എന്നിവരാണ് മറ്റുമൂന്നു പേര്‍. ഇതില്‍ സഞ്ജുവും സൂര്യകുമാര്‍ യാദവും എതിരാളികളുടെ നാട്ടിലാണ് സെഞ്ചുറി സ്വന്തമാക്കിയത്. 2023 ഡിസംബര്‍ 14-ന് ജോഹന്നാസ് ബര്‍ഗില്‍ 56 പന്തിലാണ് സൂര്യകുമാര്‍ യാദവ് സെഞ്ചുറി തികച്ചത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ചുറിയോടെ, ടി20-യില്‍ ഒന്നിലേറെ സെഞ്ചുറി നേടുന്ന നാലാമത്തെ താരമായും സഞ്ജു മാറി. രോഹിത് ശര്‍മ (അഞ്ച്), സൂര്യകുമാര്‍ യാദവ് (4), കെ.എല്‍. രാഹുല്‍ (2) എന്നിവരാണ് സഞ്ജുവിന് മുന്നിലുള്ള മറ്റുമൂന്നുപേര്‍. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഒന്നിലേറെ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും സഞ്ജു കൈവരിച്ചു. 2018-ല്‍ രണ്ട് സെഞ്ചുറി നേടിയ രോഹിത്, 2022-ലും 2023-ലും രണ്ടു സെഞ്ചുറി വീതം നേടിയ സൂര്യകുമാര്‍ യാദവ് എന്നിവരാണ് ഈ പട്ടികയില്‍ സഞ്ജുവിന്റെ മുന്‍ഗാമികള്‍.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായി ടി20-യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് സഞ്ജു കഴിഞ്ഞദിവസം കുറിച്ചത്. ധര്‍മശാലയില്‍ 66 പന്തില്‍ 106 റണ്‍സ് നേടിയ രോഹിത് ശര്‍മയുടേതായിരുന്നു നേരത്തെ ഉയര്‍ന്ന സ്‌കോര്‍.
ടി20-യില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും രോഹിതിനൊപ്പം സഞ്ജു പങ്കിടുന്നുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പത്ത് സിക്‌സുകളാണ് സഞ്ജു അടിച്ചെടുത്തത്. 2017-ല്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് രോഹിത് പത്ത് സിക്‌സറുകള്‍ അടിച്ചെടുത്തത്. ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20-യില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരവും സഞ്ജുവായി. എട്ടു സിക്‌സറുകള്‍ വീതം നേടിയ റിലീ റോസൗവും സൂര്യകുമാര്‍ യാദവുമാണ് രണ്ടാമതുള്ളത്.
