1. അറസ്റ്റിലായ സി.എച്ച്. അബ്ദുള്ളക്കുഞ്ഞി, 2. ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന അബ്ദുൾറഹ്‌മാൻ

ചെര്‍ക്കള : പള്ളിയിലേക്ക് നിസ്‌കാരത്തിന് പുലര്‍ച്ചെ സ്‌കൂട്ടറില്‍ പോകുകയായിരുന്ന വയോധികനെ ലോറിയിടിച്ച സംഭവം കൊലപാതകശ്രമമാണെന്ന് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.

സംഭവത്തില്‍ വാഹനമോടിച്ച ലോറിയുടമയെ പോലീസ് അറസ്റ്റുചെയ്തു. എടനീര്‍ കെട്ടുങ്കല്ലിലെ സി.എച്ച്. അബ്ദുള്ളക്കുഞ്ഞി(52)യെയാണ് വിദ്യാനഗര്‍ പോലീസ് കര്‍ണാടകയിലെ സുറത്കലില്‍നിന്ന് അറസ്റ്റുചെയ്തത്.

സ്‌കൂട്ടറില്‍ പോകുകയായിരുന്ന മീത്തലെ എടനീര്‍ ചാപ്പാടിയിലെ ബല്‍ക്കീസ് മന്‍സിലില്‍ അബ്ദുള്‍റഹ്‌മാ(64)നെയാണ് വധിക്കാന്‍ ശ്രമിച്ചത്.

ഇടതുകാലിന്റെ എല്ല് പൊട്ടിയതുള്‍പ്പെടെയുള്ള പരിക്കുകളോടെ അബ്ദുള്‍റഹ്‌മാന്‍ ചെങ്കള കെ.കെ. പുറത്തെ സ്വകാര്യ ആസ്‌പത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച പുലര്‍ച്ചെ 5.10-ന് ചെര്‍ക്കള കല്ലടുക്ക അന്തഃസംസ്ഥാനപാതയില്‍ മീത്തലെ എടനീരിലാണ് സംഭവം.

നെല്ലിക്കട്ടഭാഗത്തുനിന്ന് ചെര്‍ക്കള ഭാഗത്തേക്ക് വരികയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് സ്‌കൂട്ടറില്‍ പോകുകയായിരുന്ന അബ്ദുള്‍റഹ്‌മാനെ ഇടിച്ചിട്ടത്. സമീപത്തെ വീടിന്റെ ഗേറ്റിനടുത്താണ് വീണത്. ഇടിച്ചിട്ട ലോറി പിറകോട്ടെടുത്ത് വീണുകിടക്കുന്ന അബ്ദുള്‍ റഹ്‌മാന്റെ ദേഹത്ത് വീണ്ടും കയറ്റാന്‍ ശ്രമിച്ചെന്ന് പോലീസ് പറഞ്ഞു.

ലോറി വീടിന്റെ മതിലിലും ഗേറ്റിന്റെ ഒരു ഭാഗത്തും തട്ടിയതിനെത്തുടര്‍ന്ന് ഇവയും തകര്‍ന്ന് അബ്ദുള്‍റഹ്‌മാന്റെ ദേഹത്ത് വീണു. ഉടമ കൂടിയായ അബ്ദുള്ളക്കുഞ്ഞിയാണ് ലോറി ഓടിച്ചത്. ലോറിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പരിസരത്തെ വീട്ടിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍നിന്നും സമീപവീട്ടിലെ താമസക്കാരില്‍നിന്നുമാണ് വധശ്രമമാണെന്ന് പോലീസിന് വ്യക്തമായത്.

വീട്ടിലേക്കുള്ള വഴിയെച്ചൊല്ലിയും മറ്റും അബ്ദുള്ളക്കുഞ്ഞിക്ക് ചാപ്പാടി അബ്ദുള്‍റഹ്‌മാനോട് വര്‍ഷങ്ങളായി വിരോധമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അബ്ദുള്‍റഹ്‌മാന്റെയും മകന്‍ ഹാരിസിന്റെയും പരാതിയില്‍ അബ്ദുള്ളക്കുഞ്ഞിക്കെതിരേ ആദൂര്‍ പോലീസില്‍ നാല് കേസുകളുണ്ട്. അബ്ദുള്‍റഹ്‌മാനെ ആക്രമിച്ചതിനും വീട് കയറി നാശമുണ്ടാക്കിയതിനുമാണ് കേസ്. വര്‍ഷങ്ങളായി തുടരുന്ന വിരോധമാണ് ലോറി കയറ്റി വധിക്കാനുള്ള ശ്രമത്തിന് പിന്നിലെന്നാണ് പോലീസ് നല്‍കുന്ന സൂചന.

വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ യു.പി.വിപിന്‍, എസ്.ഐ.മാരായ വി.വി.അജീഷ്, ബിജു, എസ്.സി.പി.ഒ. പി.റോജന്‍, സി.പി.ഒ. എന്‍.ആര്‍.പ്രശാന്ത്, സനൂപ്, ഡ്രൈവര്‍ സുമേഷ് എന്നിവരാണ് അബ്ദുള്ളക്കുഞ്ഞിയെ അറസ്റ്റുചെയ്ത സംഘത്തിലുണ്ടായിരുന്നത്. ഇടിച്ച ലോറിയും കസ്റ്റഡിയിലെടുത്തു. അബ്ദുള്ളക്കുഞ്ഞിയെ കോടതി റിമാന്‍ഡ് ചെയ്തു.