സ്‌കൂൾ ഗേറ്റ് മാറ്റുന്നതിന്റെ പണി പുരോഗമിക്കുന്നു
തിരുവനന്തപുരം : ബാര്‍ അനുമതി ലഭിക്കാനായി സര്‍ക്കാര്‍ സ്‌കൂളിന്റെ ഗേറ്റ് മാറ്റിസ്ഥാപിക്കുന്നുവെന്ന് ആരോപണം. തിരുവനന്തപുരം ഗവ. എസ്.എം.വി. സ്‌കൂളിന്റെ ഗേറ്റ് ദ്രുതഗതിയിൽ മാറ്റിസ്ഥാപിക്കുന്ന പശ്ചാത്തലത്തിലാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. സ്‌കൂളിന്റെ പ്രധാന കവാടത്തിന് തൊട്ടുപിന്നിലായിട്ടാണ് പുതിയ കവാടത്തിന്റെ പണി നടന്നുവരുന്നത്.
സ്‌കൂളിന്റെ നേരെ എതിര്‍വശത്തായാണ് ബാര്‍ ഹോട്ടലിന്റെ പണി പുരോഗമിക്കുന്നത്. നേരത്തെ ബിയര്‍ പാര്‍ലര്‍ ആയിരുന്ന കെട്ടിടം പൊളിച്ച് ത്രീ സ്റ്റാര്‍ റേറ്റിങ്ങുള്ള ബാര്‍ ആക്കാനുള്ള പണികള്‍ പുരോഗമിക്കുകയാണ്. ആരോപണമുയര്‍ന്നതോടെ ഇതിനെതിരേ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍ ഉള്‍പ്പടെ രംഗത്തെത്തിയിട്ടുണ്ട്.

പണി പുരോഗമിക്കുന്ന ആഡംബര ഹോട്ടല്‍
സ്‌കൂള്‍ പ്രവേശന കവാടത്തില്‍ നിന്ന് 200 മീറ്റര്‍ ദൂരപരിധി പാലിച്ചാല്‍ മാത്രമേ ബാര്‍ ലൈസന്‍സ് ലഭിക്കുകയുള്ളു. നിലവില്‍ സ്‌കൂളിന്റെ പ്രവേശന കവാടവും ബാറും തമ്മില്‍ നിഷ്‌കര്‍ഷിക്കുന്ന ദൂരപരിധിയുടെ പകുതിപോലുമില്ല. എന്നാല്‍ ബാര്‍ റോഡിന്റെ മറുവശത്ത് ആയതിനാല്‍ ഓവര്‍ബ്രിഡ്ജ് ചുറ്റിയോ ആയുര്‍വേദ ജങ്ഷന്‍ ചുറ്റിയോ ആണ് ദൂരപരിധി കണക്കാക്കുന്നത്. ഇങ്ങനെ നോക്കിയാല്‍പ്പോലും 200 മീറ്റര്‍ എന്ന പരിധി എത്തുന്നില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് സ്‌കൂള്‍ഗേറ്റ് ഉള്ളിലേയ്ക്ക് മാറ്റുന്ന പണി തകൃതിയായി നടക്കുന്നത്.
മതില്‍ നിലനിര്‍ത്തിക്കൊണ്ട് ഗേറ്റ് മാത്രം ഉള്ളിലേക്ക് പണിയുന്നത് ദുരൂഹത ഉണര്‍ത്തുന്നതാണെന്നാണ് പൂര്‍വവിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. ഗേറ്റ് ഉള്ളിലേക്ക് മാറ്റണമെന്നും സ്‌കൂളിന് സഹായം നല്‍കാമെന്നും പറഞ്ഞുകൊണ്ട് ബാറുകാരുടെ ഇടനിലക്കാര്‍ സ്‌കൂള്‍ അധികൃതരെ നേരത്തെ ബന്ധപ്പെട്ടിട്ടുണ്ടെന്ന ആക്ഷേപവുമുയരുന്നുണ്ട്.
ജനപ്രതിനിധികളുമായി സംസാരിച്ച് വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് വിനോദ് കുമാര്‍ പറഞ്ഞു. മേയര്‍ സ്ഥലത്തില്ലാത്തതിനാല്‍ കാണാന്‍ സാധിച്ചില്ല. എം.എല്‍.എയെയും കാണും. ഉദ്യോഗസ്ഥരുടെ നീക്കമാണ് ഇതിന് പിന്നെലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളിനുള്ളിലേയ്ക്ക് രണ്ടുദിവസമായി വലിയ വാഹനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ദ്രുതഗതിയിലാണ് ഇവിടെ പണി പുരോഗമിക്കുന്നത്. പുതിയ മാസ്റ്റര്‍ പ്ലാനില്‍ റോഡ് വികസനം ശുപാര്‍ശ ചെയ്തിരിക്കുന്നതിനാലാണ് സ്‌കൂളിന്റെ ഗേറ്റ് ഉള്ളിലേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതെന്നാണ് കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അതിനുമുന്‍പേ ഗേറ്റ് മാറ്റിവെക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നുവെന്നും വിനോദ് കുമാര്‍ ചൂണ്ടിക്കാട്ടുന്നു.
