ഘാതക് ഡ്രോണിന്റെ പ്രോട്ടോടൈപ്പ് പരീക്ഷണം

ന്യൂഡല്‍ഹി : തദ്ദേശീയമായി വികസിപ്പിച്ച ഘാതക് ഡ്രോണ്‍ യാഥാര്‍ഥ്യത്തിലേക്ക് കടക്കുന്നു. വ്യാവസായിക ഉത്പാദനത്തിന് മുന്നോടിയായുള്ള ഡ്രോണിന്റെ പൂര്‍ണ വലിപ്പത്തിലുള്ള നിര്‍മാണത്തിനൊരുങ്ങുകയാണ് ഡി.ആര്‍.ഡി.ഒ. റഡാര്‍ സിഗ്നലുകള്‍ക്ക് കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള സ്‌റ്റെല്‍ത്ത് സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളുന്ന ഘാതക് ഡ്രോണ്‍ ഡി.ആര്‍.ഡി.ഒയും എയ്‌റോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് എസ്റ്റാബ്‌ളിഷ്‌മെന്റും ( എ.ഡി.ഇ) ചേര്‍ന്നാണ് വികസിപ്പിക്കുന്നത്. ഘാതക് ഡ്രോണ്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നേരത്തെ അനുവദിച്ചിരുന്നതാണ്. തദ്ദേശീയമായ സ്റ്റെല്‍ത്ത് എയര്‍ക്രാഫ്റ്റ് പദ്ധതിക്ക് വേണ്ടി ഘാതക് ഡ്രോണിനും തദ്ദേശിയമായ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് ( എ.എം.സി.എ) പദ്ധതിക്കും കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരുന്നു.

പൂര്‍ണമായ വലിപ്പത്തില്‍ 12 ടണ്‍ ഭാരമുള്ള ഡ്രോണായിരിക്കും ഘാതക്. ശത്രുകേന്ദ്രങ്ങളിലേക്ക് കടന്നുകയറി ആക്രമണം നടത്തുക, നിരീക്ഷണം, രഹസ്യവിവരങ്ങള്‍ ശേഖരിക്കല്‍ തുടങ്ങിയ ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഘാതക് ഡ്രോണിനെ വികസിപ്പിക്കുന്നത്. 1.5 ടണ്‍ ഭാരമുള്ള പേലോഡുകള്‍ വഹിക്കാന്‍ സാധിക്കുന്ന ഇന്റേണല്‍ വെപ്പണ്‍സ് ബേയാണ് ഘാതക്കിന്റെ സവിശേഷതകളില്‍ ഒന്ന്. പ്രിസിഷന്‍ ഗൈഡഡ് ബോംബുകള്‍, മിസൈലുകള്‍ ഉള്‍പ്പെടെയുള്ളവ കൂടുതല്‍ വഹിക്കാന്‍ ഇത് ഘാതക്കിന് ശേഷി നല്‍കും. മാത്രമല്ല മറ്റ് യുദ്ധവിമാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ റഡാര്‍ ക്രോസ് സെക്ഷന്‍ മാത്രമാണ് ഘാതകിനുള്ളത്. അതുകൊണ്ട് തന്നെ ഇതിനെ റഡാറുകള്‍ക്ക് തിരിച്ചറിയാന്‍ പ്രയാസമാണ്.

എ.എം.സി.എ, ഘാതക് പദ്ധതികള്‍ക്ക് വേണ്ടി 400 കോടി രൂപ മുമ്പ് അനുവദിച്ചിരുന്നു. അതിന് പുറമെ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള ക്യാബിനറ്റ് കമ്മിറ്റി അനുമതി നല്‍കിയതോടെ 15,000 കോടികൂടി അധികമായി അനുവദിച്ചു. ഇതിലൊരുഭാഗം ഘാതക്കിന് വേണ്ടി വിനിയോഗിക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കാവേരി എഞ്ചിന്‍ ആണ് ഘാതക്കിനുള്ളത്. നേരത്തെ തേജസ് യുദ്ധവിമാനത്തിന് വേണ്ടിയാണ് കാവേരി എഞ്ചിന്‍ വികസിപ്പിച്ചതെങ്കിലും ആവശ്യമായ പ്രകടനം കാഴ്ചവെക്കാത്തതിനാല്‍ കാവേരി എഞ്ചിന്‍ പദ്ധതി ഇടയ്ക്ക് വെച്ച് നിലച്ചിരുന്നു.

പിന്നീട് ഘാതക് ഡ്രോണിന് ഇത് അനുയോജ്യമാകുമെന്ന് കണ്ടെത്തുകയായിരുന്നു. സ്‌റ്റെല്‍ത്ത് സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളുന്ന എയര്‍ക്രാഫ്റ്റുകള്‍ക്ക് അത്യാവശ്യം വേണ്ടതാണ് കുറഞ്ഞ ഇന്‍ഫ്രാറെഡ് സിഗ്നലുകള്‍ പുറത്തുവിടുന്ന എഞ്ചിന്‍. കാവേരി എഞ്ചിനും ഈ സവിശേഷതകളുണ്ട്. മാത്രമല്ല ശബ്ദവേഗതയില്‍ പറക്കാനുള്ള തള്ളല്‍ ശക്തിയും ഇത് ഘാതക്കിന് നല്‍കും. പൈലറ്റ് പറത്തുന്ന യുദ്ധവിമാനങ്ങള്‍ക്കൊപ്പം ഘാതക്കിനെയും നിയന്ത്രിക്കാനാകും. യുദ്ധവിമാനത്തിലെ പൈലറ്റിന് നിയന്ത്രിക്കാനും അവരെ സഹായിക്കാനും ഘാതക്കിന് കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പൈലറ്റിനെയും യുദ്ധവിമാനത്തെയും ശത്രുവിന്റെ ആക്രമണത്തില്‍ നിന്ന് തടുക്കുകയും അവര്‍ക്ക് ശത്രുകേന്ദ്രങ്ങളിലേക്ക് കടന്നുകയറല്‍ എളുപ്പമാക്കുകയും ചെയ്യും.

നിലവില്‍ ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച തേജസിനെ അപേക്ഷിച്ച് നോക്കിയാല്‍ ഘാതക്കിന് വലിപ്പമേറിയ ചിറകുകളാണ് ഉള്ളത്.ക്രൂസ് വേഗത തേജസിനേക്കാള്‍ കുറവായിരിക്കും. തുടര്‍ച്ചയായി നിര്‍ത്താതെ എട്ടുമണിക്കൂര്‍ വരെ ദൗത്യത്തിനായി ഘാതക്കിനെ ഉപയോഗിക്കാം. കൂടുതല്‍ നേരം തുടര്‍ച്ചയായി പറക്കാനും റഡാര്‍ നിരീക്ഷണത്തെ കബളിപ്പിക്കാനുമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ടാണ് ഘാതക്കിന് യുദ്ധവിമാനങ്ങളെക്കാള്‍ വേഗത കുറഞ്ഞത്. പക്ഷെ സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയും കൂടുതല്‍ നേരം ആയുധങ്ങളുമായി തുടര്‍ച്ചയായി ഉപയോഗിക്കാമെന്നതും ഘാതകിനെ വേറിട്ട് നിര്‍ത്തുന്നു.

2022 ല്‍ ഇതിന്റെ പ്രോട്ടോടൈപ്പ് പരീക്ഷണം നടത്തിയിരുന്നു. റണ്‍വേയില്‍ നിന്ന് പറന്നുയരാനും തിരികെ ലാന്‍ഡ് ചെയ്യുന്നതുമുള്‍പ്പെടെയുള്ള പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. പിന്നീട് 2023ലും കൂടുതല്‍ മെച്ചപ്പെടുത്തിയതിന് ശേഷം പരീക്ഷണങ്ങള്‍ തുടര്‍ന്നു. പ്രോട്ടോടൈപ്പ് പരീക്ഷണങ്ങള്‍ വിജയം കണ്ടതോടെയാണ് പൂര്‍ണ വലിപ്പത്തിലുള്ള പരീക്ഷണത്തിലേക്ക് പോകുന്നത്. 2025 ഓടെ പരീക്ഷണം നടക്കുമെന്നാണ് കരുതുന്നത്. പ്രധാനമായും വ്യോമസേനയ്ക്ക് വേണ്ടിയാണ് ഘാതക് വികസിപ്പിക്കുന്നത്.