പ്രതീകാത്മക ചിത്രം
ഏനാത്ത് : കെ.എസ്.ആർ.ടി.സി.ബസിൽവെച്ച് ശല്യംചെയ്തശേഷം രക്ഷപ്പെടാൻ ശ്രമിച്ചയാളെ യാത്രക്കാരി പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പ്രതി കൊല്ലം കരിക്കോട് വയലിൽ പുത്തൻവീട്ടിൽ ഷാനിറി (42) നെതിരേ ഏനാത്ത് പോലീസ് കേസ് എടുത്തു. സ്ത്രീകളെ ശല്യംചെയ്തതിനാണ് കേസ്.
വ്യാഴാഴ്ച രാത്രി ഏഴിന് അടൂരിൽനിന്ന് തിരുവനന്തപുരത്തിന് പോയ കെ.എസ്.ആർ.ടി.സി.ബസിൽ പുതുശ്ശേരി ഭാഗത്തുവെച്ചാണ് സംഭവം. ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ ദേഹത്ത് ഷാനിർ തൊടുകയായിരുന്നു.
സ്ത്രീ ബഹളംവെച്ചു. ഇതോടെ ഡ്രൈവർ ബസിന്റെ വേഗത കുറച്ചപ്പോഴേക്കും ഷാനിർ ജനാലവഴി പുറത്തേക്ക് ചാടി. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സ്ത്രീയും അവർക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കാരിയുംകൂടി ഇയാളെ പിന്തുടർന്ന് പിടിച്ചുനിർത്തി. സ്ത്രീ ഷാനിറിനെ തല്ലിയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നാട്ടുകാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തുകയായിരുന്നു. ഷാനിർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.
