പി.പി. ദിവ്യ

കണ്ണൂർ ∙ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി.പി. ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. ജയിലിലായി 11 ദിവസത്തിനു ശേഷമാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം, ജില്ല വിടാൻ പാടില്ല എന്നീ ഉപാധികളോടെയാണ് ദിവ്യയ്ക്ക് ജാമ്യം. സാക്ഷികളെ സ്വാധീനിക്കരുതെന്നും ദിവ്യയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രണ്ട് ആളുടെ ജാമ്യത്തിലാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ജാമ്യം കിട്ടിയതിൽ സന്തോഷമെന്ന് ദിവ്യയുടെ അഭിഭാഷകൻ വിശ്വൻ പറഞ്ഞു. കോടതിയിൽ വിശ്വാസമുണ്ടായിരുന്നു. വസ്തുതകൾ പരിശോധിച്ചാണ് കോടതി വിധി പറഞ്ഞത്. പ്രതീക്ഷിച്ച വിജയം തന്നെയാണുണ്ടായതെന്നും വിശ്വൻ പറഞ്ഞു. ജാമ്യം അനുവദിച്ചുവെന്ന് മാത്രമേ അറിയൂവെന്നും വിധി പകർപ്പ് ലഭിച്ചിട്ടില്ലെന്നും നവീൻ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷക പറഞ്ഞു. നവീൻ ബാബുവിന്റെ കുടുംബവുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.

കേസില്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി രണ്ടു ദിവസത്തിനകം പത്തനംതിട്ടയിലെത്തി രേഖപ്പെടുത്തും. ജാമ്യാപേക്ഷയിലെ വാദത്തില്‍ ഭാര്യയുടെ മൊഴിയെടുത്തില്ല എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് കുടുംബത്തിന്റെ മൊഴിയെടുക്കാനുള്ള തീരുമാനം.

യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി.പി. ദിവ്യ, പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ടു ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.