നിരാഹാരസമരത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർഥികൾ
കോഴിക്കോട് : മുക്കം ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ വിധിനിര്‍ണയത്തില്‍ പിഴവുണ്ടായി എന്നാരോപിച്ച് വിദ്യാര്‍ഥികളുടെ പട്ടിണി സമരം. നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഉച്ചഭക്ഷണം ഒഴിവാക്കി പട്ടിണി സമരമിരുന്നത്. വിധി നിര്‍ണയത്തിലെ പിഴവ് മൂലം മുക്കം ഉപജില്ലാ കലോത്സവത്തിലെ ഓവര്‍ ഓള്‍ ട്രോഫി നഷ്ടപ്പെട്ടു എന്നാരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയത്. വിധിനിര്‍ണയം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുക്കം നഗരസഭ കൗണ്‍സില്‍ യോഗം ഏകകണ്ഠമായി അടിയന്തര പ്രമേയം പാസാക്കിയിട്ടുണ്ട്.
പി.ടി.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ചാമ്പ്യന്‍ഷിപ്പ് പങ്കുവെച്ച് നല്‍കിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നീലേശ്വരം സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. കലോത്സവത്തിന്റെ തുടക്കം മുതല്‍ തന്നെ വിധി നിര്‍ണയത്തില്‍ പരാതികളുണ്ടായിരുന്നു. വ്യാഴാഴ്ച കലോത്സവത്തിന്റെ സമാപനചടങ്ങില്‍ സംഘര്‍ഷവുമുണ്ടായി. ഹയര്‍ സെക്കണ്ടറി വിഭാഗം ഓവര്‍ ഓള്‍ ചാമ്പ്യന്‍ ഷിപ്പ് പങ്കുവെച്ചതാണ് തര്‍ക്കത്തിന് കാരണമായത്.
നീലേശ്വരം ഗവ ഹയര്‍സക്കന്‍ഡറി സ്‌കൂളും, കലോത്സവത്തില്‍ ആതിഥേയരായ കൊടിയത്തൂര്‍ പി.ടി.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമാണ് ട്രോഫി പങ്കിട്ടത്. പി.ടി.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അനധികൃതമായി മത്സരാര്‍ത്ഥികളെ തിരുകി കയറ്റിയും വിധി നിര്‍മയത്തില്‍ കൃത്രിമം കാണിച്ചുമാണ് ട്രോഫിക്ക് അര്‍ഹത നേടിയതെന്ന് ആരോപിച്ച് നീലേശ്വരം സ്‌കൂള്‍ അധികൃതര്‍ ട്രോഫി വാങ്ങാന്‍ വിസമ്മതിച്ചത്തോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. വാക്കുതര്‍ക്കം കയ്യാങ്കളിലേക്ക് നീങ്ങുകയും വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ കയ്യാങ്കളി അധ്യാപകര്‍ ഏറ്റെടുത്തതോടെ കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു.
