പ്രതീകാത്മക ചിത്രം

കാക്കനാട് : അമിത ഭാരം കയറ്റിയതിന് പിടികൂടിയ ടിപ്പര്‍ ട്രെയ്ലര്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. കെ മനോജിന് ഫോണില്‍ വാഹനയുടമയുടെ ഭീഷണി. വാഹനം വിട്ടുനല്‍കിയില്ലെങ്കില്‍ വീട്ടു മേല്‍വിലാസം അടക്കം തനിക്ക് അറിയാമെന്നും ഇതൊരു ഭീഷണിയായി കൂട്ടിക്കോയെന്നും ആര്‍.ടി.ഒ.യോട് ലോറിയുടമ പറഞ്ഞു.

സംഭവത്തിനു പിന്നാലെ ഫോണില്‍ വിളിച്ച ഭീഷണി സന്ദേശവും നമ്പറും ഉള്‍പ്പെടെ ആര്‍.ടി.ഒ. തൃക്കാക്കര പോലീസിന് പരാതി നല്‍കി. കഴിഞ്ഞ ഓഗസ്റ്റില്‍ കളമശ്ശേരിയില്‍ െവച്ച് മോട്ടോര്‍ വാഹന വകുപ്പിനെ വെട്ടിച്ച് കടന്ന ടിപ്പര്‍ ട്രെയ്ലര്‍ പാലാരിവട്ടം ഭാഗത്തുനിന്നാണ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് അംഗമായ അസി. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അരുണ്‍ പോള്‍ പിടികൂടിയത്. പരിശോധനയില്‍ റോഡ് ടാക്‌സ് അടച്ചിട്ടില്ലെന്നും അനുവദനീയമായ അളവിലും കൂടുതല്‍ ഭാരം കയറ്റിയെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് 64,000 രൂപയോളം പിഴയും ചുമത്തി. വാഹനം ഓടിച്ച ഡ്രൈവറോട് ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചെങ്കിലും വന്നില്ല. കൂടാതെ മറ്റ് രേഖകളും ഹാജരാക്കാതെ വന്നതോടെ ട്രെയിലര്‍ മറ്റ് നിയമ നടപടികള്‍ക്കായി പാലാരിവട്ടം പോലീസിനു കൈമാറി. പിന്നാലെ പോലീസ് കളമശ്ശേരി ക്യാമ്പിലേക്ക് വാഹനം മാറ്റി.

നിലവില്‍ കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ വാഹനം വിട്ടുനല്‍കാന്‍ കോടതിയെ സമീപിക്കാനായിരുന്നു വാഹനയുടമയോട് പറഞ്ഞിരുന്നതെന്ന് ആര്‍.ടി.ഒ. പറഞ്ഞു.

എന്നാല്‍, തന്റെ ഔദ്യോഗിക നമ്പറിലേക്കും പേഴ്സണല്‍ നമ്പറിലേക്കും നിരന്തരം വിളിച്ച് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ഭീഷണി തുടരുകയും ചെയ്തു.

‘തന്റെ ഭാര്യയുടെ മേല്‍വിലാസം അടക്കം എടുത്തിട്ടുണ്ടെന്നും ഇത് ഭീഷണിയായി വേണമെങ്കില്‍ കരുതാമെന്നും’ പറഞ്ഞതോടെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ സ്വദേശിയായ വാഹനയുടമയ്‌ക്കെതിരേ തൃക്കാക്കര പോലീസ് അന്വേഷണം തുടങ്ങി.