പ്രതീകാത്മക ചിത്രം
മതിലകം : വയറ്റിൽ അധ്യാപകന്റെ ചൂരലടിയേറ്റ ആറാംക്ലാസ് വിദ്യാർഥി ആശുപത്രിയിലായി. മതിലകം സെയ്ന്റ് ജോസഫ്സ് സ്കൂളിൽ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് പള്ളിവളവ് സ്വദേശിയായ കെ.ജെ. ആന്റണി എന്ന അധ്യാപകന്റെ പേരിൽ കേസെടുത്തു.
ക്ലാസിൽ പിറകിലിരുന്നു സംസാരിച്ച മറ്റൊരു കുട്ടിയെയാണ് അധ്യാപകൻ ആദ്യം അടിച്ചത്. ഈ കുട്ടിയെ നോക്കി ചിരിക്കുന്നതുകണ്ട് പ്രകോപിതനായാണ് രണ്ടാമത്തെ കുട്ടിയെ മർദിച്ചതെന്നാണ് പരാതിയിലുള്ളത്. പടിയൂർ സ്വദേശിയായ കുട്ടിക്കാണ് മർദനമേറ്റത്. കുട്ടിയുടെ വയറിന്റെ ഭാഗത്ത് അടിയേറ്റ പാടുണ്ട്.
മുൻപും അധ്യാപകനിൽനിന്ന് ഇത്തരം പെരുമാറ്റമുണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്. പലതവണ അധ്യാപകനെ താക്കീത് ചെയ്തിരുന്നതായും സംഭവത്തിൽ സ്കൂൾ മാനേജർക്ക് പരാതി നൽകുമെന്നും പ്രധാനാധ്യാപകൻ പറഞ്ഞു.
