ബിക്കാറാം ബിഷ്ണോയ്

ബെംഗുളുരു : ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരേ വധഭീഷണി മുഴക്കി പണം തട്ടാന്‍ ശ്രമിച്ചയാള്‍ കര്‍ണാടകയില്‍ പിടിയില്‍. പോലീസ് നടത്തിയ അന്വേഷണത്തില്‍ കര്‍ണാടകയിലെ ഹാവേരിയില്‍ നിന്നാണ് ബിക്കാറാം ബിഷ്‌ണോയി എന്നയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഒരുമാസമായി ഇവിടെ താമസിച്ചുവരികയായിരുന്നു. 32-കാരനായ ബിക്കാറാം രാജസ്ഥാന്‍ സ്വദേശിയാണ്.

രണ്ട് കോടി രൂപ നല്‍കിയില്ലെങ്കില്‍ നടനെ വധിക്കുമെന്നായിരുന്നു ഭീഷണി സന്ദേശം. ലോറന്‍സ് ബിഷ്‌ണോയ്‌യുടെ സഹോദരനെന്ന് എന്നവകാശപ്പെട്ടായിരുന്നു ബിക്കാറാം പണം ആവശ്യപ്പെട്ടത്. പ്രതിയെ മഹാരാഷ്ട്ര പോലീസിന് കൈമാറി.

എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെയാണ് ബിഷ്‌ണോയ് ഗ്രൂപ്പിന്റേതെന്ന രീതിയില്‍ സല്‍മാന്‍ ഖാനെതിരെ ഭീഷണി സന്ദേശം വന്നത്.