ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ

യുഎസ് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ഡൊണാള്‍ഡ്‌ ട്രംപിനെ അഭിനന്ദിച്ച് മുന്‍നിര സാങ്കേതിക വിദ്യാ കമ്പനികളുടെ മേധാവികള്‍. നേട്ടങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുന്നതിനായി ട്രംപ് ഭരണകൂടത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ എക്‌സില്‍ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

നിര്‍ണായക വിജയം നേടുകയും അസാധാരണമായ രാഷ്ട്രീയ തിരിച്ചുവരവ് നടത്തുകയും ചെയ്ത തങ്ങളുടെ 45-ാമത്തെയും ഇപ്പോള്‍ 47-ാമത്തെയും പ്രസിഡന്റിന് വലിയ അഭിനന്ദനമെന്നാണ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് പ്രതികരിച്ചത്. നാമെല്ലാവരും ഇഷ്ടപ്പെടുന്ന അമേരിക്കയെ നയിക്കുന്നതിനും ഒന്നിപ്പിക്കുന്നതിനും ഡൊണാള്‍ഡ് ട്രംപിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ ഉപഭോക്താക്കള്‍, ജീവനക്കാര്‍, കമ്മ്യൂണിറ്റികള്‍, രാജ്യം എന്നിവരുടെ പ്രശ്നങ്ങളില്‍ ട്രംപുമായും ട്രംപ് ഭരണകൂടവുമായും ഒന്നിച്ച് പ്രവര്‍ത്തിക്കാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണ് ആമസോണ്‍ സിഇഒ ആന്‍ഡി ജേസിയുടെ പോസ്റ്റ്.

വരാനിരിക്കുന്ന ട്രംപ് അഡ്മിനിസ്ട്രേഷനുമായും കോണ്‍ഗ്രസുമായും ഒപ്പം യുഎസിലെ ഗവര്‍ണര്‍മാര്‍, സംസ്ഥാന നിയമനിര്‍മാതാക്കള്‍, പ്രാദേശിക മേഖലയിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി കണക്റ്റിവിറ്റി, നൂതനത്വം, സൈബര്‍ സുരക്ഷ എന്നിവയെ ശക്തിപ്പെടുത്തുന്ന നയങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് നെറ്റ്‌വര്‍ക്കിങ്‌ ഭീമനായ സിസ്‌കോയുടെ ചെയര്‍മാനും സിഇഒയുമായ ചക്ക് റോബിന്‍സ് പറഞ്ഞു.

ബുധനാഴ്ചയാണ് ട്രംപിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. 45-ാം യുഎസ് പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും 47-ാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

‘ഞങ്ങള്‍ ചരിത്രം കുറിച്ചു’വെന്നാണ് വിജയം പ്രഖ്യാപിച്ചുകൊണ്ട് ട്രംപിന്റെ വാക്കുകള്‍. 277 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപ് നേടിയത്. 538 അംഗ സഭയില്‍ ഇതുവഴി വ്യക്തമായ ഭൂരിപക്ഷം അദ്ദേഹം നേടി. 51 ശതമാനം ജനകീയ വോട്ട് ട്രംപ് സ്വന്തമാക്കി. 78 കാരനായ ട്രംപ് യുഎസ് ചരിത്രത്തില്‍ അധികാരത്തിലേറുന്ന ഏറ്റവും പ്രായമേറിയ പ്രസിഡന്റ് കൂടിയാണ്. ഒരിക്കല്‍ പരാജയം നേരിട്ട് തിരിച്ചുവരവ് നടത്തുന്ന രണ്ടാമത്തെ പ്രസിഡന്റും ട്രംപ് തന്നെ. 1893 ല്‍ ഗ്രോവര്‍ ക്ലെവ്‌ലന്‍ഡ് ആണ് മുമ്പ്‌ പരാജയശേഷം തിരിച്ചുവരവ് നടത്തിയ പ്രസിഡന്റ്. 100 അംഗങ്ങളുള്ള സെനറ്റില്‍ 51 സീറ്റുകളും റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ തിരിച്ചുപിടിച്ചു.