പ്രതീകാത്മക ചിത്രം

കൊച്ചി ∙ കഞ്ചാവ് എന്നു പറഞ്ഞ് ഗ്രീൻ ടീ നൽകി കബളിപ്പിക്കാൻ ശ്രമിച്ചതിന് യുവാക്കൾക്ക് ഗുണ്ടാസംഘത്തിന്റെ മർദ്ദനം. ചാവക്കാട് സ്വദേശികളായ രണ്ടു യുവാക്കള്‍ക്കാണ് തൃപ്പൂണിത്തുറ കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിന്റെ മർദനമേറ്റത്. സംഘത്തിലെ രണ്ടു പേരെ പൊലീസ് പിടികൂടി.

തൃപ്പൂണിത്തുറ ‌സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ദേവദത്തൻ, സുഹൃത്തുക്കളായ അമ്പാടി, അർജുൻ, കാളിദാസൻ എന്നിവർ കഞ്ചാവ് അന്വേഷിച്ച് യുവാക്കളെ ബന്ധപ്പെട്ടിരുന്നു. പാർട് ടൈം ജോലികൾ ചെയ്ത് ജീവിക്കുന്നവരാണ് യുവാക്കൾ. തുടർന്ന് കഞ്ചാവുമായി കലൂരിലെത്താൻ ഇരുകൂട്ടരും ധാരണയിലെത്തി.

രാത്രി 11 മണിയോടെ ഇവിടെയെത്തിയ ദേവദത്തനും സംഘത്തിനും യുവാക്കൾ ‘കഞ്ചാവ് പാക്കറ്റ്’ കൈമാറി. ഇതിനിടയിൽ സംഘത്തിലൊരാൾ ഇത് പരിശോധിച്ചപ്പോഴാണ് ഉള്ളിലുള്ളത് ഗ്രീൻ ടീ ആണെന്ന് മനസിലായത്. തുടർന്ന് സംഘം യുവാക്കളെ ബലമായി കാറിൽ വലിച്ചു കയറ്റി ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് ഇളംകുളത്ത് ഇവരെ ഇറക്കിവിട്ടു. മർദനമേറ്റ യുവാക്കൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞെങ്കിലും യഥാർഥ സംഭവം മറച്ചുവച്ചു. എന്നാൽ രണ്ടു പ്രതികളെ പിടികൂടിയതോടെയാണ് മർദനത്തിന്റെ യഥാർഥ കാരണം പുറത്തുവന്നത്.