ഡ്രൈവിംഗ് ടെസ്റ്റ് ബസ് തീപ്പിടിച്ചപ്പോൾ ( ഇടത്ത് ), അഗ്നിശമന സേന തീയണക്കാൻ ശ്രമിക്കുന്നു ( വലത്ത് )
ആലപ്പുഴ : ഹെവി വാഹനങ്ങളുടെ ലൈസന്‍സ് ടെസ്റ്റിനിടെ ഡ്രൈവിങ് സ്‌കൂള്‍ ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായി കത്തിനശിച്ചു. ബസിന്റെ ബാറ്ററിയില്‍ നിന്നും ഉണ്ടായ ഷോര്‍ട്ട് സര്‍ക്യുട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ആലപ്പുഴ റിക്രിയേഷന്‍ മൈതാനത്ത് ബുധനാഴ്ച രാവിലെ 12-നായിരുന്നു സംഭവം.
എ.ടു.ഇസഡ് എന്ന സ്ഥാപനത്തിന്റെ ബസാണ് കത്തി നശിച്ചത്. ‘T’ ടെസ്റ്റിനിടെ ബസിന്റെ ഒരു ഭാഗത്ത് നിന്ന് പുക ഉയരുന്നത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. തീ അണയ്ക്കാന്‍ വാഹന ഉടമ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയും നിമിഷങ്ങള്‍ക്കകം ബസ് പൂര്‍ണമായി കത്തി നശിക്കുകയുമായിരുന്നു.
ആലപ്പുഴയില്‍ നിന്നും അഗ്‌നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. അഗ്‌നിരക്ഷാ സേന എത്തുന്ന സമയത്ത് കടപ്പുറം റെയില്‍വേ ഗേറ്റ് അടഞ്ഞ് കിടന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ചെറിയ താമസം നേരിട്ടു. മൈതാനത്തിന് നടുക്കായതിനാല്‍ തീയണക്കുവാന്‍ വേണ്ടുന്ന വെള്ളവും ലഭിച്ചില്ല.കൂടാതെ അധികവേഗം തീപടര്‍ന്ന് കത്തിനശിക്കുകയായിരുന്നു.
