പ്രതീകാത്മക ചിത്രം

ബെല​ഗാവി : കർണാടകയിൽ തഹസിൽദാറുടെ ചേംബറിൽ ജീവനക്കാരൻ മരിച്ച നിലയിൽ. ബെല​ഗാവി ജില്ലാ ആസ്ഥാനത്തെ തഹസീൽ​ദാർ ഓഫീസിലാണ് സെക്കൻഡ് ഡിവിഷൻ അസിസ്റ്റൻഡായ രുദ്രണ്ണ(35)യെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.

ചൊവ്വാഴ്ച രാവിലെയാണ് തഹസിൽദാറുടെ ചേംബറിനകത്ത് ഒരാൾ തൂങ്ങിമരിച്ചെന്നുള്ള വിവരം ലഭിച്ചതെന്ന് മുതിർന്ന പോലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. ഉടൻതന്നെ സംഭവസ്ഥലത്തെത്തി. നീളമുള്ള തുണികൊണ്ടാണ് തൂങ്ങിയിരുന്നതെന്നും ഇങ്ങനെയൊരു പ്രവൃത്തിയിലേക്ക് രുദ്രണ്ണയെ നയിക്കാനിടയാക്കിയതെന്താണെന്ന് കണ്ടെത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.

മരിച്ചയാളുടെ കുടുംബത്തിന്റെ പരാതിയിൽ കേസെടുത്തിട്ടുണ്ട്. ഫോറൻസിക് വിദ​ഗ്ധരും മറ്റ് അന്വേഷണോ​ദ്യോ​ഗസ്ഥരും ചേർന്ന് വിശദമായ പരിശോധന നടത്തും. വിശദമായ അന്വേഷണം തന്നെ നടത്തുമെന്നും പോലീസ് അധികൃതർ അറിയിച്ചു.