പ്രതീകാത്മക ചിത്രം

കൊല്ലം : കൊല്ലത്ത് മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ പിതൃസഹോദരന്‍ അറസ്റ്റില്‍. ആറു മാസം മുമ്പാണ് കുട്ടിയെ ഇയാള്‍ ആദ്യമായി പീഡനത്തിനിരയാക്കുന്നത് എന്നാണ് പോലീസ് പറയുന്നത്.

വീട്ടില്‍ ആരുമില്ലാതിരുന്ന അവസരത്തില്‍ നടത്തിയ അതിക്രമത്തെ തുടര്‍ന്ന് കുട്ടി ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടിരുന്നു. കുട്ടിക്ക് സാധാരണയായുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ ആയിരിക്കുമെന്ന് കരുതി വീട്ടുകാര്‍ ഇത് ഗൗരവമായി എടുത്തിരുന്നില്ല. ഇതിനുശേഷം ഇയാള്‍ കുട്ടിയെ തുടര്‍ച്ചായി പീഡനത്തിന് ഇരയാക്കിയതായി പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസ്സവും കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ വാര്‍ഡിലെ ആശാ വർക്കറെ അറിയിക്കുകയായിരുന്നു.

ആശ വര്‍ക്കര്‍ കുട്ടിയുമായി സംസാരിച്ചപ്പോഴാണ് ലൈഗിക ചൂഷണത്തിന് ഇരയായതിന്റെ സൂചന ലഭിക്കുന്നത്. ഇതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പറെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരം അറിയിച്ചു. തുടര്‍ന്ന് കുട്ടിക്ക് നല്‍കിയ കൗണ്‍സിലിങ്ങിലാണ് ആറുമാസമായി അച്ഛന്റെ സഹോദരന്‍ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന വിവരം കുട്ടി പുറത്തു പറയുന്നത്. ചോദ്യചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കുട്ടിക്ക് അടിയന്തര വൈദ്യ സഹായം നല്‍കിയിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.