വിദ്യാർഥിനി വസ്ത്രമഴിച്ചു പ്രതിഷേധിക്കുന്നു | Photo:x.com/emilykschrader
ഇറാനിലെ കാമ്പസില്‍ വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ച യുവതി അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം എവിടെയാണെന്നന്വേഷിച്ച് ലോകം. രണ്ട് ദിവസം മുന്‍പാണ് ടെഹ്‌റാന്‍ സര്‍വകലാശാലയിലെ യുവതി ഉള്‍വസ്ത്രം മാത്രം ധരിച്ച് പ്രത്യക്ഷപ്പെട്ടത്. ധരിച്ചിരുന്ന വസ്ത്രങ്ങള്‍ മാറ്റി അടിവസ്ത്രത്തില്‍ എത്തുന്ന വിദ്യാര്‍ത്ഥിനിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ വിദ്യാര്‍ത്ഥിനിയെ സാധാരണ വസ്ത്രങ്ങളില്‍ ആളുകള്‍ കാറില്‍ കയറ്റുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. അറസ്റ്റിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്.
പെണ്‍കുട്ടിയാരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ ടെഹ്റാനിലെ ഇസ്ലാമിക് ആസാദ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിനിയായ ആഹൂ ദാര്യേയ് ആണെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശിരോവസ്ത്രം ശരിയായവിധം ധരിച്ചില്ലെന്നതിന്റെ പേരില്‍ സദാചാര പോലീസ് അറസ്റ്റുചെയ്ത മഹ്സ അമീനി എന്ന 22-കാരിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെയാണ് വിദ്യാര്‍ഥിനിയുടെ പ്രതിഷേധവും പോലീസ് നടപടിയുമുണ്ടാകുന്നത്.
ഇത്തരമൊരു സംഭവം നടന്നതായി ഇറാനിലെ മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥിനി കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നുവെന്നും മാനസികവിഭ്രാന്തി നേരിടുകയായിരുന്നുവെന്നുമാണ് സര്‍വകലാശാല വക്താക്കളുടെ വിശദീകരണം. അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥിനിയെ പൊലീസ് മര്‍ദ്ദിച്ചതായും എവിടെയാണ് വിദ്യാര്‍ത്ഥിനി ഉള്ളതെന്നുമുള്ള വിവരം ഇല്ലെന്നുമാണ് വിദ്യാര്‍ഥി സംഘടനയായ അമീര്‍ കബീര്‍ വിശദമാക്കുന്നത്. യുവതിയെ ഉപാധികളില്ലാതെ വിട്ടയക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, യുവതിയുടെ ഭര്‍ത്താവെന്ന് അവകാശപ്പെടുന്ന ഒരാളുടെ വീഡിയോ ഇറാനിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. താന്‍ യുവതിയുടെ ഭര്‍ത്താവാണെന്നും തങ്ങളുടെ മക്കളെ ഓര്‍ത്ത് യുവതിയുടെ വീഡിയോ പ്രചരിപ്പിക്കരുതെന്നും ഇയാള്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇയാള്‍ ഭര്‍ത്താവാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
ഹിജാബ് നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് മഹ്‌സ അമിനി എന്ന യുവതി മതപൊലീസിന്റെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇറാനില്‍ രാജ്യ വ്യാപക പ്രതിഷേധം നടന്ന് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് പുതിയ സംഭവം. ഈ പ്രതിഷേധങ്ങളില്‍ അഞ്ഞൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
