മിഗ്-29 വിമാനം തകർന്നുവീഴുന്നതിന്റേയും പൈലറ്റ് പാരച്യൂട്ടിൽ രക്ഷപ്പെടുന്നതിന്റേയും ദൃശ്യങ്ങൾ | Screen Grab / X @GautamRishi1

ആഗ്ര : വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം തകര്‍ന്നുവീഴുന്നതിന്റെ വീഡിയോ ദൃശ്യം പുറത്ത്. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ തിങ്കളാഴ്ച നടന്ന അപകടത്തിന്റെ ദൃശ്യമാണ് പുറത്തുവന്നത്. പ്രദേശവാസികള്‍ ആരോ പകര്‍ത്തിയ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം നിയന്ത്രണം വിട്ട് കറങ്ങിക്കറങ്ങി ഭൂമിയിലേക്ക് പതിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

‘ഫ്‌ളാറ്റ് സ്പിന്‍’ എന്നാണ് അത്യന്തം അപകടകരമായ ഈ കറക്കത്തെ വിളിക്കുന്നത്. അപകടത്തില്‍ പൈലറ്റ് രക്ഷപ്പെട്ടിരുന്നു. പാരച്യൂട്ട് ഉപയോഗിച്ച് പൈലറ്റ് സുരക്ഷിതനായി പറന്നിറങ്ങുന്ന മറ്റൊരു ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ആഗ്രയിലെ സോംഗ ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനം കത്തിച്ചാമ്പലായി. ഇതിന്റെ ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു.

തകർന്നുവീണ മിഗ്-21 യുദ്ധവിമാനം കത്തുന്ന ദൃശ്യങ്ങൾ | Photo: Asian News International

പതിവ് പരിശീലനപ്പറക്കലിനിടെയാണ് അപകടമുണ്ടായത്. അപകടം മണത്ത ഉടന്‍ ആളുകള്‍ക്കോ വീടുകള്‍ക്കോ നാശനഷ്ടമുണ്ടാകാതിരിക്കാനായി പൈലറ്റ് വിമാനം വിജനമായ പ്രദേശത്തക്ക് കൊണ്ടുപോയെന്ന് വ്യോമസേന അറിയിച്ചു. തുടര്‍ന്ന് പാരച്യൂട്ട് ഉപയോഗിച്ചാണ് പൈലറ്റ് രക്ഷപ്പെട്ടത്. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മിഗ്-29 വിമാനം തകര്‍ന്നുവീഴുന്നത്.

സെപ്റ്റംബര്‍ മൂന്നിന് രാജസ്ഥാനിലെ ബാര്‍മെറിലാണ് നേരത്തേ മിഗ് തകര്‍ന്നുവീണത്. അന്നും പൈലറ്റ് രക്ഷപ്പെടുകയായിരുന്നു. സാങ്കേതിക തകരാറ് തന്നെയായിരുന്നു അപകട കാരണം. നാറ്റോയില്‍ ഫള്‍ക്രം എന്നും ഇന്ത്യയില്‍ ബാസ് എന്നും അറിയപ്പെടുന്ന മിഗ്-29 വിമാനം അറിയപ്പെടുന്നത്. സോവിയറ്റ് യൂണിയന്‍ നിര്‍മ്മിച്ച മിഗ്-29 യുദ്ധവിമാനം 1987 മുതലാണ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്.