വിലാസിനി

കോഴിക്കോട് : എരഞ്ഞിപ്പാലം ജങ്ഷനില്‍വെച്ച് ബസ് തട്ടി റോഡിലേക്കുവീണ ബൈക്ക് യാത്രക്കാരി അതേബസിന്റെ ടയര്‍ തലയില്‍ക്കയറി മരിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്ന് സഹോദരനൊപ്പം ആശുപത്രിയിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന ആശുപത്രി ജീവനക്കാരി എരഞ്ഞിപ്പാലം രാരിച്ചന്‍ റോഡ് വലിയപറമ്പത്ത് വി.പി. വില്ലയില്‍ വിലാസിനി (62)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം.

വിലാസിനി സഹോദരന്‍ ഗോപിക്കൊപ്പം എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ മലാപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന സിറ്റി ബസ് തട്ടിയാണ് അപകടമുണ്ടായത്. ബൈക്കോടിച്ച ഗോപിക്ക് അപകടത്തില്‍ കൈക്ക് പരിക്കേറ്റിട്ടുണ്ട്. കൊട്ടാരം റോഡിലെ ഡോ. സേഠ് മെഡിക്കല്‍ സെന്റര്‍ ഫോര്‍ ഹോമിയോപ്പതിക് റിസര്‍ച്ചിലെ ജീവനക്കാരിയാണ് വിലാസിനി.

മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റിനും പോസ്റ്റ്മോര്‍ട്ടത്തിനുംശേഷം ചൊവ്വാഴ്ച ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

അയ്യപ്പന്‍-ജാനു ദമ്പതിമാരുടെ മകളാണ് വിലാസിനി. അവിവാഹിതയാണ്. മറ്റുസഹോദരങ്ങള്‍: ശോഭന, രാജന്‍, ബാബു, ബേബി, അജിത, അനിത. സംസ്‌കാരം ചൊവ്വ ഉച്ചയ്ക്ക് പന്ത്രണ്ടിന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍. നടക്കാവ് പോലീസ് കേസെടുത്തു.