അപകടത്തിന്റെ വീഡിയോ ദൃശ്യത്തിൽ നിന്ന് | Photo: Screen Grab / X @nexta_tv
ലിമ : ഫുട്‌ബോള്‍ മത്സരത്തിനിടെ മൈതാനത്ത് ഇടിമിന്നലേറ്റ് കളിക്കാരന്‍ മരിച്ചു. പെറുവിലാണ് ദാരുണമായ സംഭവമെന്ന് ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ടുചെയ്തു. ചില കളിക്കാര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കളിക്കാരന്‍ ഇടിമിന്നലേറ്റ് മരിച്ചുവീഴുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. അതേസമയം വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.
പെറുവിലെ നഗരമായ ഹുവാന്‍കയോയില്‍ നടന്ന മത്സരത്തിനിടെയാണ് അപകടമുണ്ടായതെന്ന് ഫ്രീ പ്രസ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മത്സരത്തിനിടെ കനത്ത മഴ പെയ്തതോടെ കളി നിര്‍ത്തിവെച്ച റഫറി കളിക്കാരോട് മൈതാനം വിട്ട് തിരികെ പോകാന്‍ ആവശ്യപ്പെട്ടു.
റഫറിയുടെ നിര്‍ദ്ദേശപ്രകാരം കളിക്കാര്‍ തിരികെ പോകുന്നതിനിടെയാണ് ശക്തമായ മിന്നലുണ്ടായത്. ജോസ് ഹുഗോ ദെ ല ക്രൂസ് മെസ എന്ന 39- കാരനായ കളിക്കാരനാണ് മിന്നലേറ്റത്. ഇദ്ദേഹം മൈതാനത്ത് തന്നെ മരിച്ചുവീണു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു.
