രാജേഷ്, സുവിൻ, മുനീർ
പാലിയേക്കര : പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കഞ്ചാവുകടത്ത് സംഘത്തെ ചാലക്കുടി ഡിവൈ.എസ്.പി. കെ. സുമേഷ്, റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം. ഉല്ലാസ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി. ഇവരിൽനിന്ന് 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ആന്ധ്രയിൽനിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ആലപ്പുഴ കാർത്തികപ്പിള്ളി വലയകത്ത് വടക്കേതിൽ രാജേഷ് (മൺസൂർ-38), പുതുക്കാട് കണ്ണമ്പത്തൂർ സ്വദേശി കരുവന്നൂക്കാരൻ വീട്ടിൽ സുവിൻ (29), വരന്തരപ്പിള്ളി കുട്ടൻചിറ സ്വദേശി മനക്കുളങ്ങരപ്പറമ്പിൽ വീട്ടിൽ മുനീർ (28) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാവിലെ പാലിയേക്കര ടോൾപ്ലാസയ്ക്കു സമീപം സിമന്റ് കയറ്റിവന്ന ലോറിയിലാണ് പ്രതികൾ എത്തിയത്. ദേശീയപാതയിൽ കാത്തുനിന്ന പോലീസ് സംഘം ലോറി തടഞ്ഞ് ചോദ്യംചെയ്യുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തെത്തുടർന്ന് പ്രതികൾക്കായി ഡാൻസാഫ് സംഘം ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു.
ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാജേമുന്ദ്രിയിൽനിന്ന് കഞ്ചാവ് വാങ്ങി വരുന്നതിനിടെ ഇവരുടെ വാഹനം തകരാറിലായി. തുടർന്ന് കഞ്ചാവിൽ ഭൂരിഭാഗവും തമിഴ്നാട്ടിൽത്തന്നെ വിറ്റശേഷം സുഹൃത്തിന്റെ ലോറിയിൽ നാട്ടിലേക്കു വരുകയായിരുന്നു സംഘം. ആന്ധ്രയിൽനിന്നെത്തിക്കുന്ന കഞ്ചാവ്, സൂക്ഷിച്ച് വിവിധ സ്ഥലങ്ങളിലായി ചില്ലറവിൽപ്പന നടത്തുകയായിരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റിലായ രാജേഷ് ആലുവ മണപ്പുറത്ത് മിന്നൽ മുരളി സിനിമയുടെ സെറ്റ് അടിച്ചുതകർത്ത കേസിലും തൃശ്ശൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലും ഉൾപ്പടെ 28 കേസുകളിൽ പ്രതിയാണ്. സുവിനും മുനീറും ലഹരിവസ്തുക്കൾ വിൽപ്പനനടത്തിയ കേസുകളിൽ പ്രതികളാണ്.
പുതുക്കാട് പോലീസ് എസ്.എച്ച്.ഒ. വി. സജീഷ്‌കുമാർ, എസ്.ഐ. എൻ. പ്രദീപ്‌കുമാർ, ജില്ലാ ലഹരിവിരുദ്ധസ്ക്വാഡംഗങ്ങളായ വി.ജി. സ്റ്റീഫൻ, കെ. ജയകൃഷ്ണൻ, സി.ആർ. പ്രദീപ്കുമാർ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, സൂരജ് വി ദേവ്, ലിജു ഇയ്യാനി, എ.യു. റെജി, എം.ജെ. ബിനു, സി.കെ ബിജു, ഷിജോ തോമസ്, പി.എക്സ്. സോണി, കെ.ജെ ഷിന്റോ, എ.ബി. നിഷാന്ത് തുടങ്ങിയവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
