പിടിയിലായ പ്രതികൾ
മംഗളൂരു : ഓണ്‍ലൈന്‍ ആപ്പ് ഡെലിവറി എക്‌സിക്യുട്ടീവുകളെ കബളിപ്പിച്ച് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ മംഗളൂരുവില്‍ അറസ്റ്റില്‍. രാജ് കുമാര്‍ മീണ (23), സുഭാഷ് ഗുര്‍ജാര്‍ (27) എന്നിവരെയാണ് ഉര്‍വ പൊലീസ് പിടികൂടിയത്.
കേരളം, തമിഴ്നാട്, അസം, കര്‍ണാടക, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങി പത്തിലധികം സംസ്ഥാനങ്ങളില്‍ നിന്നായി 1.29 കോടി രൂപയുടെ സാധനങ്ങള്‍ തട്ടിയ ഇവര്‍ ഇതെല്ലാം മറിച്ച് വിറ്റതായും പോലീസ് കണ്ടെത്തി.
വിവിധ സംസ്ഥാനങ്ങളില്‍ ഡെലിവറി എക്‌സിക്യുട്ടീവിനെ വ്യാജ ഒ.ടി.പി. നമ്പര്‍ നല്‍കി പറ്റിക്കുന്ന പുതിയ തരം തട്ടിപ്പാണ് ഇവര്‍ പല സംസ്ഥാനങ്ങളിലായി നടത്തുന്നത്.
മംഗളൂരുവില്‍നിന്ന് വ്യാജ വിലാസത്തില്‍ 11 ലക്ഷം രൂപ വില വരുന്ന ക്യാമറ ഓര്‍ഡര്‍ ചെയ്തതോടെയാണ് പ്രതികള്‍ പിടിയിലാവുന്നത്. ഡെലിവറി ജീവനക്കാരനെ തെറ്റിദ്ധരിപ്പിച്ച് ക്യാമറ കൈക്കലാക്കിയ ഇവര്‍ ഇതിനായി കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപത്തെ വ്യാജ വിലാസം നല്‍കുകയും ചെയ്തു. ഡെലിവറി സമയത്ത് വ്യാജ ഒ.ടി.പി. നല്‍കി ക്യാമറ കൈപ്പറ്റി. തട്ടിപ്പ് നടന്നെന്ന് മനസ്സിലായ ഡെലിവറി കമ്പനി അധികൃതര്‍ ഉര്‍വ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
