അലക്‌സ് പാണ്ഡ്യന്‍
പത്തനംതിട്ട : അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയ കേസില്‍ വിധി ചൊവ്വാഴ്ച. രണ്ടാനച്ഛന്‍ തമിഴ്‌നാട് രാജ പാളയം സ്വദേശി അലക്‌സ് പാണ്ഡ്യന്‍ ആണ് പ്രതി. കേരളത്തെ ഞെട്ടിച്ച സംഭവം ആയിരുന്നു 2021 ഏപ്രില്‍ അഞ്ചിന് കുമ്പഴയില്‍ നടന്നത്. വാടകവീട്ടിലാണ് തമിഴ്‌നാട് രാജ പാളയം സ്വദേശികളായ ദമ്പതിമാര്‍ താമസിച്ചിരുന്നത്. യുവതിയുടെ ആദ്യവിവാഹത്തിലെ രണ്ടുമക്കളില്‍ മൂത്തയാളായിരുന്നു കൊല്ലപ്പെട്ട കുട്ടി.
ഏപ്രില്‍ അഞ്ച് തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. കുട്ടിയുടെ അമ്മ സമീപത്തെ വീട്ടില്‍ ജോലിക്കുപോയി മടങ്ങിയെത്തിയപ്പോള്‍ ശരീരം മുഴുവന്‍ കത്തികൊണ്ട് വരഞ്ഞ നിലയില്‍ കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നതുകണ്ടു. രണ്ടാനച്ഛനൊപ്പം മകളെ വീട്ടിലിരുത്തിയാണ് അമ്മ ജോലിക്കുപോയത്.
കുഞ്ഞിന് എന്തുപറ്റിയെന്ന് തിരക്കിയ അമ്മയെ അലക്‌സ് മര്‍ദിച്ചു. നാട്ടുകാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ ഉടന്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുട്ടിയുടെ ശരീരത്തില്‍ ധാരാളം മുറിവുകള്‍ ഉണ്ടായിരുന്നു. ഡോക്ടര്‍ ഉടന്‍തന്നെ വിവരം പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. എസ്.എച്ച്.ഒ. ആയിരുന്ന ഇന്‍സ്‌പെക്ടര്‍ ബിനീഷ് ലാല്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ചെയ്തു.
ഡിവൈ.എസ്.പി. ആയിരുന്ന പ്രദീപ്കുമാറിന്റെ മേല്‍നോട്ടത്തില്‍ ഉടനടി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു. പ്രതിയായ അലക്‌സിനെ ഒട്ടും വൈകാതെ കസ്റ്റഡിയിലെടുത്തു.
ഇന്‍ക്വസ്റ്റ് കഴിഞ്ഞപ്പോള്‍ അത് കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതി ലഹരിക്ക് അടിമയായിരുന്നു. കുമ്പഴയില്‍നിന്ന് കസ്റ്റഡിയിലെടുത്ത ഇയാള്‍ പോലീസ് വാഹനത്തില്‍ നിന്ന് പുറത്തുചാടി ജീപ്പിന്റെ ചില്ല് തകര്‍ത്തു. പോലീസും നാട്ടുകാരും ചേര്‍ന്ന് ശ്രമകമകരമായി കീഴ്‌പ്പെടുത്തി.
കസ്റ്റഡിയിലെടുത്ത അന്ന് രാത്രി 12 മണിയോടെ അലക്‌സ് ലോക്കപ്പില്‍നിന്ന് വിലങ്ങുമായി രക്ഷപ്പെട്ടു. ശൗചാലയത്തില്‍ പോകണമെന്ന് ആവശ്യപ്പെട്ട അലക്‌സിനെ പോലീസ് സ്റ്റേഷന് പുറത്തേക്കിറങ്ങിയപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ഒരു നാട് മുഴുവന്‍ ഉറക്കമൊഴിച്ച് അന്വേഷണം ആരംഭിച്ചു. പിറ്റേന്ന് രാവിലെ ആറുമണിയോടെ കുമ്പഴ തുണ്ടുമണ്‍കരയിലെ ചതുപ്പുനിലത്തില്‍ നിന്ന് പിടികൂടി.
പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞതോടെ കുട്ടി ലൈംഗികപീഡനത്തിനും ഇരയായിട്ടുണ്ടെന്ന് തെളിഞ്ഞു. അഞ്ചുവയസ്സുള്ള കുട്ടിയുടെ ശരീരത്തില്‍ 67 മുറിവുകളാണുണ്ടായിരുന്നത്. കുഞ്ഞിന്റെ ശരീരത്തില്‍ പ്രതി കത്തികൊണ്ട് വരഞ്ഞതും സ്പൂണ്‍ വെച്ച് കുത്തിയതുമായ മുറിവുകളാണ് ഏറെയും. ഇതില്‍ ചിലത് ആഴത്തിലുള്ളതാണ്. മരണകാരണം നെഞ്ചിനേറ്റ ക്ഷതമാണെന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന മൃതദേഹപരിശോധനാ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്.
കൂടുതല്‍ അന്വേഷണത്തില്‍ കുട്ടിയെ പ്രതി തമിഴ്‌നാട്ടിലും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി കണ്ടെത്തി. അന്വേഷണം സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കി, ചാര്‍ജുഷീറ്റ് സമര്‍പ്പിച്ചു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയി അഡ്വ. നവീന്‍ എം. ഈശോയെ നിയമിച്ചു. വിചാരണസമയത്ത് എല്ലാ സാക്ഷികളും കൃത്യമായ മൊഴികള്‍ നല്‍കി. ഒടുവില്‍, സംഭവം നടന്ന് മൂന്നരവര്‍ഷങ്ങള്‍ക്കുശേഷമാണ് പത്തനംതിട്ട അഡീഷണല്‍-വണ്‍ പോക്‌സോ കോടതിയില്‍ ഇന്ന് വിധി പറയുന്നത്.
