പ്രതീകാത്മക ചിത്രം

ഭോപ്പാല്‍ : ഭാര്യയ്ക്ക് മുന്നില്‍വെച്ച് ‘അങ്കിൾ’ എന്ന് വിളിച്ച കട ഉടമയെ മര്‍ദിച്ച് ഭര്‍ത്താവ്. മധ്യപ്രദേശിലെ ഭോപ്പാലിലുള്ള ജട്ട്‌ഖേഡിയിലെ ഒരു തുണിക്കടയിൽ ശനിയാഴ്ചയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കടയുടമ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിശാല്‍ ശാസ്ത്രി എന്നയാൾക്കാണ് മർദനത്തിൽ ഗുരുതര പരിക്കേറ്റത്. രോഹിത് എന്നയാളും കൂട്ടുകാരും ചേര്‍ന്നാണ് വിശാലിനെ മര്‍ദ്ദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

സാരി വാങ്ങാനായി ഭാര്യയ്ക്കൊപ്പം വസ്ത്രവ്യാപാര സ്ഥാപനത്തിൽ എത്തിയതായിരുന്നു രോഹിത്. സാരികൾ തിരഞ്ഞെടുക്കുന്നതിനിടെയാണ് സംഭവം. വിലകൂടിയ സാരികൾക്കു പകരം ആയിരം രൂപയിൽ താഴെയുള്ളവ നൽകാൻ രോഹിത് ആവശ്യപ്പെട്ടു. അങ്കിൾ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കടയുടമ വിശാൽ ഇതിന് മറുപടി നൽകിയത്. ഇതാണ് രോഹിതിനെ പ്രകോപിപ്പിച്ചത്.

കോപാകുലനായ രോഹിത് ഭാര്യയ്ക്കൊപ്പം കടയിൽനിന്ന് മടങ്ങി. പിന്നീട് കൂട്ടുകാരുമായെത്തി കടയുടമയെ ആക്രമിക്കുകയായിരുന്നു. വടി, ബൽറ്റ് എന്നിവയുപയോഗിച്ചാണ് ഇവർ വിശാലിനെ ക്രൂരമായി മർദിച്ചത്. ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രോഹിത്തിനും കൂട്ടുകാര്‍ക്കുമെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.