യൂനുസ് ചൗധരി | Photo: Screengrab/x.com/Ssriwastav30

ബഗ്പത് : യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാവിന് സസ്പെൻഷൻ. ബാഗ്പത് ജില്ലാ പ്രസിഡന്റ് യൂനുസ് ചൗധരിയെയാണ് പദവിയില്‍ നിന്ന് നീക്കം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് നടപടി.

വീഡിയോ ചിത്രീകരിച്ച സ്ത്രീയോട് യൂനുസ് ചൗധരി മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. ഇയാളുടെ പെരുമാറ്റത്തെ സ്ത്രീ എതിർക്കുന്നതും വീഡിയോയിലുണ്ട്. എന്നാൽ മോശം പെരുമാറ്റം യൂനസ് ചൗധരി തുടരുകയായിരുന്നു.

അതേസമയം, തന്റെ രാഷ്ട്രീയ എതിരാളികള്‍ നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണ് വീഡിയോയെന്ന് ചൗധരി പ്രതികരിച്ചു. സംഭവത്തില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ബാഗ്പത് എസ്.പി അര്‍പിത് വിജയവര്‍ഗിയ പ്രതികരിച്ചു. പാര്‍ട്ടിയില്‍നിന്ന് ചൗധരിയെ നീക്കം ചെയ്യുമോ എന്നത് സംബന്ധിച്ച് നേതൃത്വം ഉടന്‍ തീരുമാനമെടുക്കുമെന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.