ആകാശ് ദീപിന്റെ വിക്കറ്റെടുത്ത് വിജയം സ്വന്തമാക്കിയ ന്യൂസിലൻഡ് ടീമിന്റെ ആഹ്ലാദം| ഫോട്ടോ: എ.എഫ്.പി
മുംബൈ : നാണം കെട്ട് ടീം ഇന്ത്യ. എതിരാളികളെ വീഴ്ത്താന്‍ സ്പിന്‍ കെണിയൊരുക്കിയ ഇന്ത്യയെ അതേ കെണിയില്‍ വീഴ്ത്തി ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പര സമ്പൂര്‍ണമായി കൈയടക്കി. നാട്ടില്‍ കാല്‍നൂറ്റാണ്ടിന് ശേഷമാണ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങുന്നത്. പേരുകേട്ട ബാറ്റിങ് നിരയെ പൊളിച്ചടുക്കിയ ന്യൂസിലന്‍ഡ് നിര എല്ലാമേഖലയിലും ഇന്ത്യയെ തകര്‍ത്തെറിഞ്ഞു.
കേവലം 147 റണ്‍സ് മാത്രം ജയിക്കാന്‍ വേണ്ടിയിട്ടും ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 121 ന് ആള്‍ഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ അജാസ് അഹമ്മദാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. ഇഷ് സോധിക്ക് പരിക്കേറ്റതോടെ മറുവശത്ത് അജാസിനൊപ്പം മികച്ച സ്പിന്‍ ബൗളര്‍ പോലുമില്ലാതിരുന്നിട്ടും ഇന്ത്യക്ക് അത് മുതലാക്കി ജയിക്കാനായില്ല. ഓള്‍റൗണ്ടര്‍ ഗ്ലെന്‍ ഫിലിപ്‌സ് അജാസിന് മൂന്നു വിക്കറ്റ് നേടി മികച്ച പിന്തുണ നല്‍കി. ഋഷഭ് പന്ത് മാത്രമാണ് പൊരുതാനുള്ള ചങ്കൂറ്റമെങ്കിലും കാട്ടിയത്. ആദ്യ ജഡേജയ്‌ക്കൊപ്പവും പിന്നാലെ വാഷിങ്ടണ്‍ സുന്ദറിനൊപ്പവും കൂട്ടുകെട്ടുണ്ടാക്കി പന്ത് കളി ജയിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ വിക്കറ്റ് റീപ്ലെയില്‍ നഷ്ടമായതാണ് കളിയില്‍ വഴിത്തിരിവായത്. പന്ത് 57 പന്തില്‍ 64 അടിച്ചപ്പോള്‍ സുന്ദറും (12) രോഹിത്തും(8) മാത്രമാണ് രണ്ടക്കം കടന്നത് എന്ന് കാണുമ്പോഴാണ് തകര്‍ച്ചയുടെ ആഴം വ്യക്തമാകുക. ഏഴ് വിക്കറ്റിന് 121 എന്ന നിലയില്‍ നിന്ന് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാനാകാതെയാണ് ഇന്ത്യ ആള്‍ഔട്ടായത്.
ജയ്‌സ്വാള്‍(5), ഗില്‍(1), കോലി(1), സര്‍ഫ്രാസ് ഖാന്‍(1) എന്നിങ്ങനെയായിരുന്നു ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ പ്രകടനം. ഇതില്‍ ഗില്‍ ബൗള്‍ഡായത് ലീവ് ചെയ്ത പന്തിലാണ്. ആദ്യ ഇന്നിങ്‌സില്‍ ഇല്ലാത്ത റണ്ണിന് ഓടി വിക്കറ്റ് വലിച്ചെറിഞ്ഞ കോലി ഇങ്ങനെ എത്രനാള്‍ എന്ന ചോദ്യം പോലും ഉയര്‍ത്തുന്ന പ്രകടനമാണ് പരമ്പരയില്‍ കാഴ്ചവച്ചത്.
ഇന്ത്യയ്‌ക്കെതിരേ മൂന്നാം ദിനം കളത്തിലിറങ്ങിയ കിവീസിന് മൂന്നുറണ്‍സ് മാത്രമേ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കാനായുള്ളൂ. 174 റണ്‍സിന് ടീം പുറത്തായതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 147 റണ്‍സായി മാറി. എളുപ്പത്തില്‍ വിജയിക്കാനാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇന്ത്യന്‍ ക്യാമ്പ്. രോഹിത്തും യശസ്വി ജയ്‌സ്വാളും പതിവുപോലെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു. എന്നാല്‍ ഇന്ത്യ വിചാരിച്ച പോലെയായിരുന്നില്ല കാര്യങ്ങള്‍. ടീം സ്‌കോര്‍ 13-ല്‍ നില്‍ക്കേ നായകന്‍ രോഹിത്തിനെ ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ ശുഭ്മാന്‍ ഗില്ലും കോലിയും കൂടാരം കയറിയതോടെ ഇന്ത്യ അക്ഷരാര്‍ഥത്തില്‍ പ്രതിരോധത്തിലായി. പിന്നീട് പന്ത് മാത്രമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒടുവില്‍ 121 റണ്‍സിന് ഇന്ത്യ പുറത്തായി.
ആദ്യ ഇന്നിങ്‌സിൽ കിവീസിനെ രക്ഷിച്ച വിൽ യങ് രണ്ടാം ഇന്നിങ്സിലും ടീമിന്റെ രക്ഷകനായി. ആദ്യദിവസത്തെപ്പോലെ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആകാശ്‌ദീപ് കിവീസിന്റെ ആദ്യവിക്കറ്റ് (ടോം ലാഥം-1) എടുത്തപ്പോൾ ബാക്കി സ്പിന്നർമാർ ഏറ്റെടുത്തു. മറ്റൊരു ഓപ്പണർ ഡെവൻ കോൺവെയെ (22) വാഷിങ്ടൺ സുന്ദറിന്റെ പന്തിൽ ശുഭ്മാൻ ഗിൽ ക്യാച്ചെടുത്തതോടെ കളിയുടെ ദിശ തെളിഞ്ഞിരുന്നു.
അപകടകാരിയായ രചിൻ രവീന്ദ്രയെ (4) അശ്വിന്റെ പന്തിൽ ഋഷഭ് സ്റ്റമ്പുചെയ്തു. ആദ്യ ഇന്നിങ്‌സിൽ സ്പിന്നിനെ കൃത്യമായി നേരിട്ട ഡാരിൽ മിച്ചൽ (44 പന്തിൽ 21), ടോം ബ്ലൻഡൽ (4) എന്നിവരെ അടുത്തടുത്ത ഓവറുകളിൽ ജഡേജ പുറത്താക്കി. പിന്നീട് ഇഷ് സോഥി (8), മാറ്റ് ഹെൻറി (10) എന്നിവരും ജഡേജയ്ക്കുമുന്നിൽ വീണു. ഗ്ലെൻ ഫിലിപ്സിനെ (26) അശ്വിൻ ക്ലീൻബൗൾഡാക്കിയപ്പോൾ വിൽ യങ്ങിനെ (100 പന്തിൽ 51) സ്വന്തംപന്തിൽ ക്യാച്ചെടുത്തു.
ജഡേജയുടെ പന്തില്‍ ആകാശ് ദീപിന് ക്യാച്ച് നല്‍കിയാണ് അജാസ് പട്ടേല്‍ പുറത്തായത്. വില്യം ഒറോക്കെ പുറത്താവാതെ അഞ്ചുപന്തില്‍ രണ്ടുറണ്‍സ് മാത്രം ചേര്‍ത്തു. ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലുമായി ജഡേജ പത്ത് വിക്കറ്റ് നേടി.
