പ്രതീകാത്മക ചിത്രം | Photo: PTI

ന്യൂഡല്‍ഹി : ഡര്‍ഹിയില്‍ വായുമലിനീകരണം വീണ്ടും അതീവ ഗുരുതരനിലയിൽ. ഞായറാഴ്ച രാവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വായുഗുണനിലവാര സൂചിക അഥവാ എ.ക്യു.ഐ 507 ആണ്. ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരിക്കുന്ന പരമാവധി മലിനീകരണ തോതിനേക്കാള്‍ 65 മടങ്ങ് അധികം മലിനീകരണമാണ് നിലവിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള പടക്കംപൊട്ടിക്കലാണ് സ്ഥിതി ഇത്രയും രൂക്ഷമാകാൻ ഇടയാക്കിയതെന്നാണ് സൂചന. എ.ക്യു.ഐ 327 എന്ന നിരക്കില്‍നിന്നാണ് 507-ലേക്ക് വെറും 12 മണിക്കൂര്‍ കൊണ്ട് എത്തിച്ചേർന്നത്. വായുമലിനീകരണ പ്രതിരോധത്തിനായി ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷൻ പ്ലാന്‍ (ഗ്രാപ്പ് ll) രാജ്യതലസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്.

ഡല്‍ഹി വാസികളായ പലര്‍ക്കും വായുമലിനീകരണം കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. 21,000 പേര്‍ പങ്കെടുത്ത സര്‍വേ പ്രകാരം 69 ശതമാനം വരുന്ന കുടുംബങ്ങളിലെ ആര്‍ക്കെങ്കിലും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ട്. 62 ശതമാനത്തിന് കണ്ണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.