Image cpurtesy: Screengrab from video shared by https://twitter.com/anshuman_sunona/status/1852902790189793418/video/1

റായ്പുര്‍ : ഛത്തീസ്ഗഢിലെ ബല്‍റാംപുരില്‍ കാർ കുളത്തിൽവീണ് ഡ്രൈവര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ ഒരു സ്ത്രീയും കുഞ്ഞും ഉള്‍പ്പെടുന്നു. ബുദ്ധബഗീച്ച റോഡില്‍ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്ന് പോലീസ് അറിയിച്ചു.

ആറുപേരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച രാത്രിയും രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെയുമായി പുറത്തെടുത്തു. സഞ്ജയ് മുണ്ട (35), ഇദ്ദേഹത്തിന്റെ ഭാര്യ ചന്ദ്രവതി (35), മകള്‍ കീര്‍ത്തി (8), ഇവരുടെ അയല്‍വാസികളായ മംഗള്‍ ദാസ് (19), ഭൂപേന്ദ്ര മുണ്ട (18), ബലേശ്വര്‍ (18), ഉദയ്‌നാഥ് (20), ഡ്രൈവറായ മുകേഷ് ദാസ് (26) എന്നിവരാണ് മരിച്ചത്.

ബല്‍റാംപുരിലെ ലരിമയില്‍നിന്ന് സമീപജില്ലയായ സൂരജ്പുറിലേക്കുള്ള യാത്രയിലായിരുന്നു സംഘമെന്നും അതിനിടെയാണ് അപകടം സംഭവിച്ചതെന്നും ബല്‍റാംപുര്‍ എസ്.പി. വൈഭവ് ബങ്കാര്‍ പറഞ്ഞു. വളവ് ഡ്രൈവറുടെ ശ്രദ്ധയില്‍ പെടാത്തതിനെ തുടര്‍ന്ന് വാഹനം നിയന്ത്രണംതെറ്റി സമീപത്തെ കുളത്തിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.