വീഡിയോകോൾ ദൃശ്യം(ഇടത്ത്) കെ.സുധാകരൻ(വലത്ത്)
തൃശ്ശൂര്‍ : ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ വിവാദമായി കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്റെ വീഡിയോകോളും. സി.പി.എം. പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കെ.സുധാകരന്‍ തിരിച്ചടിക്കാമെന്നും ഭയപ്പെടേണ്ടെന്നും പറയുന്ന വീഡിയോകോള്‍ ദൃശ്യങ്ങളാണ് പുതിയ ചര്‍ച്ചയാകുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള കെ.സുധാകരന്റെ ആക്രമണ ആഹ്വാനം സി.പി.എം. ഇതിനോടകം പ്രചാരണയുധമാക്കിയിട്ടുണ്ട്.
താന്‍ വന്നിട്ട് തിരിച്ചടിക്കാമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായി വീഡിയോകോളില്‍ സംസാരിക്കുന്ന കെ.സുധാകരന്‍ പറയുന്നത്.
പുറത്തുവന്നദൃശ്യങ്ങളിലെ സംഭാഷണം ഇങ്ങനെ:-
കെ.സുധാകരന്‍: നിങ്ങള്‍ ആള് ഇണ്ടായിട്ടില്ല?
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍: ഞങ്ങള്‍ ആള്‍ക്കാര്‍ കുറവായിരുന്നു. ഞാനും വേറെ ഒരുത്തനും ഉണ്ടായിരുന്നുള്ളൂ. പിന്നെ അതുകഴിഞ്ഞിട്ടാണ് എല്ലാവരും എത്തിയത്.
കെ.സുധാകരന്‍: ഞാന്‍ നാളെ വരാന്‍വേണ്ടി തീരുമാനിച്ചതാണ്. ഞാന്‍ മറ്റന്നാളേ എത്തുകയുള്ളൂ. മറ്റന്നാള്‍ രാവിലെ എത്തും. ഒന്നും ബേജറാകേണ്ട കേട്ടാ. ഞാന്‍ വന്നിട്ട് നമുക്ക് തിരിച്ചടിക്കാ.
കെ. സുധാകരന്റെ വീഡിയോ പ്രചരിച്ചതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായിരിക്കുകയാണ്. കെ.സുധാകരന്റേത് വ്യക്തിപരമായ അഭിപ്രായമായി കാണാനാകില്ലെന്നും ഇത് പ്രതിപക്ഷനേതാവിന്റെയും കേരളത്തിലെ യു.ഡി.എഫ്. നേതാക്കളുടെയും അഭിപ്രായമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ സംഘര്‍ഷം സൃഷ്ടിച്ച് നിഷ്പക്ഷവും നീതിപൂര്‍വവും നിര്‍ഭയവുമായി ജനങ്ങള്‍ക്ക് വോട്ടുചെയ്യാനുള്ള അവകാശത്തെ തകര്‍ക്കുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.
കഴിഞ്ഞദിവസം വൈകീട്ട് ചെറുതുരുത്തിയിലാണ് സി.പി.എം. പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ മൂന്ന് സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരേയും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരേയുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. ഏരിയ കമ്മിറ്റിയംഗവുമായ ഷേഖും കേസില്‍ പ്രതിയാണ്.
അതേസമയം, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആദ്യം ആക്രമിച്ചതെന്നാണ് സി.പി.എമ്മിന്റെ ആരോപണം. എന്നാല്‍, ചെറുതുരുത്തി സി.ഐ. സി.പി.എം. പ്രവര്‍ത്തകര്‍ക്കൊപ്പംനിന്ന് രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസും ആരോപിച്ചു. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സി.ഐ.യെ സ്ഥലംമാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് കത്തയച്ചിട്ടുമുണ്ട്.
