വിൽ യങ്ങിന്റെ വിക്കറ്റെടുത്ത അശ്വിന്റെ ആഹ്ലാദം| ഫോട്ടോ എ.എഫ്.പി
മുംബൈ : ഇന്ത്യ-ന്യൂസീലൻഡ് മൂന്നാം ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. 15 വിക്കറ്റ് വീണ രണ്ടാം ദിവസം കളി ഇന്ത്യ തിരിച്ചുപിടിച്ച നിലയിലാണ് അവസാനിച്ചത്. ഒരൊറ്റ വിക്കറ്റ് മാത്രം ശേഷിക്കെ കിവീസിന് 143 റണ്‍സ് മാത്രം ലീഡേയുള്ളൂ. ആദ്യ ഇന്നിങ്‌സിലെ പിഴവുകള്‍ ആവര്‍ത്തിക്കാതിരുന്നാല്‍ മൂന്നാം ദിനം ഇന്ത്യക്ക് ജയ സാധ്യതയുണ്ട്. അപ്പോഴും സ്പിന്നിന് മുന്നില്‍ കുത്തിത്തിരിയുന്ന പിച്ചില്‍ ബാറ്റിങ് ദുഷ്‌കരമാണ് എന്ന യാഥാര്‍ഥ്യവുമുണ്ട്.
രണ്ടാംദിനം നാല് വിക്കറ്റിന് 86 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 263-ന് ഓള്‍ ഔട്ടായി അര്‍ധസെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലും(90) ഋഷഭ് പന്തുമാണ്(60) ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. വാലറ്റത്ത് വാഷിങ്ടണ്‍ സുന്ദറിന്റെ(38 നോട്ടൗട്ട്) പ്രകടനമാണ് ഇന്ത്യക്ക് 28 റണ്‍സിന്റെ ലീഡ് സമ്മാനിച്ചത്. കിവികള്‍ക്കായി അജാസ് പട്ടേല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിങ്‌സില്‍ ന്യൂസീലന്‍ഡിനെ 51 റണ്‍സ് നേടിയ വില്‍ യങ്ങിന്റെ പ്രകടനമാണ് അവരെ 150 കടത്തിയത്.
