കോൺവെയുടെ വിക്കറ്റ് ആഘോഷിക്കുന്ന ആകാശ് ദീപും ജയസ്വാളും |ഫോട്ടോ:AFP

മുംബൈ : ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ന്യൂസീലന്‍ഡ് ആദ്യം ബാറ്റ് ചെയ്യുന്നു. 21 ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ന്യൂസീലന്‍ഡ് 75 റണ്‍ നേടിയിട്ടുണ്ട്.

ടോസ് നേടി ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാതം ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡെവോന്‍ കോണ്‍വെ (4)യുടെ വിക്കറ്റാണ് ന്യൂസീലന്‍ഡിന് ആദ്യം നഷ്ടമായത്. പേസര്‍ ആകാശ് ദീപ് എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു. 44 പന്തിൽ 28 റൺസ് എടുത്ത ടോം ലതത്തിനെ വാഷിംഗ്‌ടൺ സുന്ദർ ബൗൾഡ് ആക്കി. ഒന്നാം ടെസ്റ്റിൽ സെഞ്ചുറി നേടിയ ഇന്ത്യൻ വംശകൻ രജിൻ രവീന്ദ്രയെ 12 പന്തിൽ 5 റൺസ് എടുത്ത് നിക്കുമ്പോൾ വാഷിംഗ്‌ടൺ സുന്ദർ ബൗൾഡ് ആക്കി.

ഓസ്ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായി പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ മുഹമ്മദ് സിറാജ് ആദ്യ ഇലവനില്‍ ഇടംനേടിയിട്ടുണ്ട്. ടീമില്‍ മറ്റു മാറ്റങ്ങളില്ല.

ന്യൂസീലന്‍ഡ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. മിച്ച് സാന്റ്നെറും ടിം സൗത്തിയും ഇല്ല. പകരം മാറ്റ് ഹെന്റിയേയും ഇഷ് സോധിയും ടീമിലിടം നേടിയിട്ടുണ്ട്.

മൂന്നാം മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമിനുമുന്നില്‍ രണ്ട് ലക്ഷ്യങ്ങളാണുള്ളത്. സ്വന്തം മണ്ണില്‍ സമ്പൂര്‍ണ തോല്‍വി ഒഴിവാക്കുക, ജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ സാധ്യത നിലനിര്‍ത്തുക എന്നതാണ്. പരമ്പര ഇതിനകം കിവീസ് നേടിയിട്ടുണ്ട് (2-0). 2000ത്തിലാണ് ഇന്ത്യ അവസാനമായി നാട്ടില്‍ പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയത്. അന്ന് ദക്ഷിണാഫ്രിക്ക രണ്ട് ടെസ്റ്റുകളിലും ഇന്ത്യയെ തോല്‍പ്പിച്ചു.